ടീം രഹസ്യം ചോര്‍ത്താന്‍ ഡല്‍ഹി നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചു, പിന്നെ സംഭവിച്ചത്

യുഎഇയില്‍ നടന്ന ഐപിഎല്‍ 13ാം സീസണിനിടെ വാതുവെപ്പുകാരുടെ ഇടപെടല്‍ ഉണ്ടായതായി വെളിപ്പെടുത്തല്‍. ദക്ഷിണ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറാണെന്ന വ്യാജേന ഒരു നഴ്‌സ് വാതുവയ്പ്പിന് സഹായം തേടി ഇന്ത്യന്‍ താരത്തെ സമീപിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ചട്ടപ്രകാരം വിവരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അഴിമതി വിരുദ്ധ വിഭാഗത്തെ ഈ താരം ഇക്കാര്യം അറിയ്ക്കുകയായിരുന്നു.

ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരത്തെയാണ് സെപ്റ്റംബര്‍ 30ന് ഐപിഎല്ലിനിടെ നഴ്‌സ് സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് സമൂഹമാധ്യത്തിലൂടെ ഈ നഴ്‌സ് ചോദിച്ചത്.

ടീമിന്റെ ഉള്‍രഹസ്യങ്ങള്‍ തേടി ഡല്‍ഹിയില്‍നിന്നുള്ള നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ച വാര്‍ത്ത ബിസിസിഐ അഴിമതി വിരുദ്ധ ഏജന്‍സി തലവന്‍ അജിത് സിങ് സ്ഥിരീകരിച്ചു. അതേസമയം, ഈ സംഭവം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘ഈ സംഭവം ഇന്ത്യന്‍ താരം ഐപിഎലിനിടെ തന്നെ ഞങ്ങളെ അറിയിച്ചിരുന്നു. അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടീമിന്റെ രഹസ്യം തേടി താരത്തെ സമീപിച്ച വ്യക്തി സത്യത്തില്‍ പ്രഫഷനല്‍ വാതുവയ്പ്പുമായി ബന്ധമില്ലാത്തയാളാണ്’ അജിത് സിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

‘സംഭവത്തെ വളരെ ഗൗരവമായിക്കണ്ട് തന്നെയാണ് അന്വേഷിച്ചത്. ഇതില്‍ ആരോപണവിധേയായ വ്യക്തിക്ക് ഇന്ത്യന്‍ താരത്തെ മുന്‍പുതന്നെ അറിയാമായിരുന്നു. അദ്ദേഹം ഇങ്ങനെയൊരാള്‍ സമീപിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ ഞങ്ങള്‍ എല്ലാ വിവരങ്ങളും ശേഖരിച്ചു. പിന്നീട് ഞങ്ങള്‍ അവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തു. പക്ഷേ, പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ആ കേസ് അവസാനിപ്പിക്കുകയും ചെയ്തു’ അജിത് സിങ് പറഞ്ഞു.

ഈ നഴ്‌സും ക്രിക്കറ്റ് താരവും തമ്മില്‍ ഏതാണ്ട് മൂന്നു വര്‍ഷത്തെ പരിചയമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

You Might Also Like