ടി20യില്‍ ഡബിള്‍ സെഞ്ച്വറി, രഞ്ജി താരത്തിനായി ഐപിഎല്‍ ടീമുകളുടെ ഇടി

Image 3
CricketCricket News

ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി ഞെട്ടിച്ച ഡല്‍ഹിയില്‍ നിന്നുള്ള രഞ്ജി താരം സുബോധ് ഭാട്ടിയയെ നോട്ടമിട്ട് ഐപിഎല്‍ ടീമുകള്‍. നിരവധി ഐപിഎല്‍ ടീമുകളാണ് താരത്തെ ഇതിനിടെ തന്നെ ഐപിഎല്‍ ട്രയല്‍സിന് ക്ഷണിച്ചിരിക്കുന്നത്. കഴിവ് തെളിയിച്ചാല്‍ ഭാട്ടിയക്ക് 2022ലെ ഐപിഎല്ലില്‍ ഏതെങ്കിലും ടീമില്‍ കളിക്കാനാകും.

ടി20 ഫോര്‍മാറ്റില്‍ ഇതാദ്യമായാണ് ഒരു താരം ഡബിള്‍ സെഞ്ച്വറിയടിച്ചത്. എന്നാല്‍ അംഗീകൃത മല്‍സരമല്ലാത്തതിനാല്‍ ഭാട്ടിയുടെ റെക്കോര്‍ഡിന് അംഗീകാരമില്ല. ഡല്‍ഹിയില്‍ നടന്ന ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റിലായിരുന്നു ഭാട്ടിയുടെ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനം.

കളിയില്‍ വെറും 79 ബോളില്‍ താരം വാരിക്കൂട്ടിയത് 205 റണ്‍സായിരുന്നു. 17 വീതം ബൗണ്ടറികളും സിക്‌സറുകളും ഭാട്ടിയുടെ ഈ ഇന്നിംഗ്സിന് മാറ്റേകി. ഡല്‍ഹി ഇലവന്‍ ന്യൂയും സിംബയും തമ്മിലായിരുന്നു മല്‍സരം. കളിയില്‍ ഡല്‍ഹി ഇലവനു വേണ്ടിയാണ് ഭാട്ടി കളിച്ചത്.

ഭാട്ടിയുടെ തീപ്പൊരി പ്രകടനം ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ നിശ്ചിത 20 ഓവറില്‍ 256 റണ്‍സെന്ന വമ്പന്‍ ടോട്ടലില്‍ എത്തിക്കുകയും ചെയ്തു. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഭാട്ടി ബൗളര്‍മാരെ അടിച്ചുപറത്തി. 250ന് മുകളിലായിരുന്നു സ്‌ട്രൈക്ക്‌റേറ്റ്.

ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെയാണ് പൂനെ വാരിയേഴ്‌സിനെതിരേ അദ്ദേഹം 66 ബോളില്‍ പുറത്താവാതെ 175 റണ്‍സ് അടിച്ചെടുത്തത്.

അന്താരാഷ്ട്ര ടി20യിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ്. 2018ല്‍ സിംബാബ്വെയ്‌ക്കെതിരേയായിരുന്നു ഫിഞ്ച് 172 റണ്‍സുമായി റെക്കോര്‍ഡിട്ടത്.