ആദ്യം രാജ്യം, പിന്നെ മതി ഐപിഎല്‍, കടുത്ത നിലപാട് പ്രഖ്യാപിച്ച് റബാഡ

ഐപിഎല്ലിന്റെ പതിനാലാം സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ കളിക്കില്ല. ഐപിഎല്ലിനേക്കാള്‍ തനിക്കു പ്രധാന ദേശീയ ടീമാണെന്നും ഇതു കാരമാണ് തുടക്കത്തിലെ മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇതോടെ ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടിയേറ്റരിക്കുകയാണ്. റബാഡ മാത്രമല്ല ഡിസി ടീമിലെ ടീമംഗയ ആന്റിച്ച് നോര്‍ക്കിയ, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഫാഫ് ഡുപ്ലെസി, മുംബൈ ഇന്ത്യന്‍സിന്റെ ക്വിന്റണ്‍ ഡികോക്ക്, രാജസ്ഥാന്‍ റോയല്‍സിന്റെ ഡേവിഡ് മില്ലര്‍ എന്നിവരും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമായതിനാല്‍ ഐപിഎല്ലിലെ തുടക്കത്തിലെ ചില മല്‍സരങ്ങള്‍ക്കുണ്ടാവില്ല.

പാകിസ്താനെതിരായ ദക്ഷിണാഫ്രിക്കയുടെ പരമ്പര ഏപ്രില്‍ 16നാണ് അവസാനിക്കുന്നത്. എന്നാല്‍ ഐപിഎല്‍ രണ്ടാം വാരം തുടങ്ങുമെന്നാണ് സൂചനകള്‍.

ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുകയെന്നതാണ് തനിക്കു ഏറ്റവും മുഖ്യമെന്നു റബാഡ വ്യക്തമാക്കി. രാജ്യമാണ് പ്രധാനം. ഐപിഎല്‍ തുടങ്ങുന്ന അതേ സമയത്തു തന്നെ പാകിസ്താനെതിരായ പരമ്പര ഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ എനിക്കു ഒരാഴ്ച കളിക്കാനായേക്കില്ല. ഇന്ത്യയിലെ എന്റെ വീടാണ് ഡല്‍ഹി. പക്ഷെ ദേശീയ ടീമിന്റെ ഡ്യൂട്ടിക്കാണ് മുന്‍ഗണനയെന്നും റബാഡ പറഞ്ഞു.

2018ലെ മെഗാ താരലേലത്തില്‍ 4.2 കോടി നല്‍കി റൈറ്റ് ടു മാച്ച് കാര്‍ഡ് വഴങ്ങി പേസറെ ഡിസി നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 17 മല്‍സരങ്ങല്‍ രണ്ടു തവണ നാലു വിക്കറ്റ് നേട്ടമുള്‍പ്പെടെ 30 വിക്കറ്റുകള്‍ കൊയ്താണ് റബാഡ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത്. 22 വിക്കറ്റുകളുമായി നോര്‍ക്കിയ റബാഡയ്ക്കു പറ്റിയ പങ്കാളിയാവുകയും ചെയ്തിരുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുള്ളതിനാല്‍ തന്നെ ദേശീയ ടീമിന്റെ മല്‍സരം കഴിഞ്ഞെത്തിയാലും ഉടന്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു തങ്ങളുടെ ടീമിനൊപ്പം ചേരാന്‍ കഴിയില്ല. നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധിക്കു ശേഷം മാത്രമേ ഇവര്‍ക്ക് ടീമിന്റെ ഭാഗമാവാന്‍ കഴിയൂ.

You Might Also Like