ശ്രേയസല്ല, പന്ത് തന്നെയായിരുന്നു ശരി, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പോണ്ടിംഗ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് പുറത്തായെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പരിശീലകന്‍ റിക്കി പോണ്ടിംഗ്. ഡല്‍ഹിയുടെ ക്യാപ്റ്റന്‍സിയുടെ ശരിയായ ചോയ്‌സ് പന്ത് തന്നെ ആയിരുന്നെന്നും അടുത്ത സീസണിലും പന്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും പോണ്ടിംഗ് പറയുന്നു.

നേരത്തെ ശ്രേയസ് അയ്യരായിരുന്നു ഡല്‍ഹിയുടെ നായകന്‍ ശ്രേയസ് പരിക്കേറ്റ് പുറത്തായതോടെയാണ് പന്തിനെ ഡല്‍ഹി ക്യാപ്റ്റനാക്കിയത്. നിലവില്‍ കൊല്‍ക്കത്തയുടെ നായകനാണ് ശ്രേയസ്.

‘തീര്‍ച്ചയായും റിഷാബ് പന്ത് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍സിയുടെ ശരിയായ ചോയ്‌സ്. കഴിഞ്ഞവര്‍ഷം ഞങ്ങള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പ്ലേയോഫില്‍ തോറ്റു പോയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പ്ലേ ഓഫില്‍ കളിയ്ക്കാനായില്ല’ പോണ്ടിംഗ് പറഞ്ഞു.

‘ഞങ്ങളുടെ ക്യാപ്റ്റന്‍ പന്ത്, അവന്‍ ഒരു യുവതാരമാണ്. ഒരിക്കലും ഒരു ടി20 ടീമിന്റെ ക്യാപ്റ്റനാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. അടുത്ത സീസണില്‍ വീണ്ടും ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ അധികം കാത്തിരിക്കുകയാണ്’ ഡല്‍ഹി കോച്ച് പറഞ്ഞു.

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടയ്ക്കുകയായിരുന്നു. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മോശം സീസണില്‍ വിജയിച്ചുകൊണ്ട് മടങ്ങാന്‍ മുംബൈയ്ക്കായി.

നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി നായകന്‍ റിഷഭ് പന്ത് പിഴവുകളാണ് അവര്‍ക്ക് കനത്ത തിരിച്ചടിയായത്. അനായാസ ക്യാച്ച് വിട്ടുകളഞ്ഞ പന്ത് ബൗണ്ടറികള്‍ വഴങ്ങിയതും മത്സരത്തില്‍ ഡല്‍ഹിയുടെ സാധ്യതകള്‍ അവസാനിപ്പിക്കുകയായിരുന്നു. നിര്‍ണ്ണായക തീരുമാനം എടുക്കുന്നതിലെ പാളിച്ചയും ക്യാപ്റ്റനെന്ന നിലയില്‍ പന്ത് ഡല്‍ഹിയുടെ തോല്‍വി ഉറപ്പ് വരുത്തുകയായിരുന്നു.

 

You Might Also Like