താരങ്ങള്‍ കരയുന്നു, ഹൃദയഭേദകം ഡല്‍ഹി ക്യാമ്പിലെ കാഴ്ച്ചകള്‍, ചേര്‍ത്ത് പിടിച്ച് പോണ്ടിംഗ്

തോല്‍വി ഉറപ്പിച്ചടത്ത് നിന്ന് പോരാളികളെ പോലെയായിരുന്നു അവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിറപ്പിച്ച് തിരിച്ചു വന്നത്. അവസാന രണ്ട് പന്ത് വരെ ഡല്‍ഹി ജയിച്ച പ്രതീതിയിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാല്‍ അശ്വിന്റെ ആ പന്ത് രാഹുല്‍ ത്രിപാതി സിക്‌സ് പായിച്ചതോടെ ഡല്‍ഹി ക്യാമ്പിലെ എല്ലാ സന്തോഷവും സങ്കടത്തിന് വഴിമാറി.

തുടര്‍ച്ചയായ രണ്ടാം സീസണിലും ഐപിഎല്‍ ഫൈനലില്‍ കടക്കാമെന്ന ഡല്‍ഹിയുടെ മോഹമാണ് ഇതോടെ പൊലിഞ്ഞത്. ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീമിനാണ് തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ വഴങ്ങി ഐപിഎല്‍ ഫൈനല്‍ പോലും കളിയ്ക്കാനാകാതെ തിരിച്ച് പോകേണ്ടി വന്നത്.

മത്സരം തോറ്റതോടെ ഡല്‍ഹിയുടെ പല യുവതാരങ്ങളും സങ്കടം കടിച്ചമര്‍ത്തുന്ന കാഴ്ച്ച ക്രിക്കറ്റ് ലോകത്തിന നോവായി. മത്സര ശേഷം റിഷഭ് പന്ത് ക്രിക്കറ്റ് ലോകത്തെ അഭിസംബോധന ചെയ്തത് ഏത് നിമിഷവും കരയും എന്ന സ്ഥിതിയിലായിരുന്നു. മത്സരത്തിലെ 19ാം ഓവറില്‍ ഗുരുതര പിഴവ് വരുത്തി രണ്ട് റണ്‍സ് വിട്ട് നല്‍കിയ ശ്രേയസ് അയ്യര്‍ക്കും സങ്കടം അടക്കാനാകാനാകുന്നില്ലായിരുന്നു.

പൃത്ഥിഷായാകട്ടെ സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ പോയിരുന്ന് വിങ്ങിപൊട്ടുന്നതും ക്രിക്കറ്റ് ലോകം കണ്ടു. ഡല്‍ഹി ടീം ഡയറക്ടര്‍ റിക്കി പോണ്ടിംഗ് ഓടി നടന്ന് യുവതാരങ്ങള്‍ക്ക് ആശ്വാസമേകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പന്തുള്‍പ്പെടെയുളള യുവതാരങ്ങലെ ചേര്‍ത്ത് പിടിച്ച് പോണ്ടിംഗ് അവര്‍ക്ക് ആശ്വാസവചനങ്ങള്‍ കൈമാറി.

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് കൊല്‍ക്കത്ത നൈറ്റേഴ്‌സ് ഐപിഎല്‍ ഫൈനലിലേക്കുളള യോഗ്യത സ്വന്തമാക്കിയത്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് കൊല്‍ക്കത്തയുടെ എതിരാളി.

ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. അവസാന രണ്ട് പന്തില്‍ ആര് റണ്‍സായിരുന്നു ഡല്‍ഹിയ്ക്ക് വേണ്ടിയിരുന്നത്. ആ സമയത്ത് അശ്വിനെ സിക്‌സ് പറത്തിയാണ് ത്രിപാതി കൈവിട്ട് പോയ മത്സരം തിരിച്ചു പിടിച്ചത്.

You Might Also Like