ഞങ്ങളോട് എന്തിന് ഈ ചതി ചെയ്തു, അമ്പയര്‍മാരോട് മുനകൂര്‍ത്ത ചോദ്യവുമായി ബ്ംഗ്ലാദേശ് താരം

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് റണ്‍സ് തോല്‍വിക്ക് ശേഷം അമ്പയറിംഗിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മത്സരത്തില്‍ ബംഗ്ലാദേശിനായി വിജയത്തിനായി പൊരുതിയ തൗഹിദ് ഹൃദോയ്. അമ്പയര്‍മാര്‍ ആണ് തങ്ങളുടെ വിജയം തടഞ്ഞതെന്നാണ് ഹൃദോയ് ആരോപിക്കുന്നത്.
‘അമ്പയറുടെ കോള്‍ ഞങ്ങളുടെ ടീമിന് അനുകൂലമായിരുന്നില്ല. അവരുടെ വീക്ഷണകോണില്‍നിന്ന് ശരിയായ കോളായിരിക്കാം. ഇത് ഒരു കടുത്ത മത്സരമായിരുന്നു, ഞങ്ങള്‍ക്ക് നഷ്ടമായ ആ നാല് റണ്‍സ് ഫലത്തെ കാര്യമായി മാറ്റിമറിച്ചു. അമ്പയറുടെ തീരുമാനത്തെ ഞാന്‍ മാനിക്കുമ്പോള്‍, ഒരു ടീമെന്ന നിലയില്‍ ഇത് ഞങ്ങള്‍ക്ക് നിരാശാജനകമാണ്’ ഹൃദോയ് പറഞ്ഞു.
ഓരോ റണ്ണിനും പ്രാധാന്യമുള്ള അത്തരമൊരു കുറഞ്ഞ സ്‌കോറിംഗ് മത്സരത്തില്‍ അമ്പയറുടെ കോളുകളും നാല് റണ്‍സും നല്‍കാത്ത വൈഡ് ഡെലിവറിയും നിര്‍ണായകമായിരുന്നു. അമ്പയര്‍മാര്‍ മനുഷ്യരാണെങ്കിലും തെറ്റുകള്‍ വരുത്താന്‍ കഴിയുമെങ്കിലും, ആ അടുത്ത തീരുമാനങ്ങള്‍ ഫലത്തെ സാരമായി ബാധിച്ചു. ആത്യന്തികമായി, ഐസിസി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളില്‍ നമുക്ക് നിയന്ത്രണമില്ല. എന്നാല്‍ ഇതുപോലുള്ള മത്സരങ്ങളില്‍ അമ്പയറിംഗിന്റെ സ്ഥിരതയും കൃത്യതയും മെച്ചപ്പെടുത്തുന്നതിന് ഇടമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു- താരം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിന് ജയിക്കാന്‍ 24 പന്തില്‍ 27 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് അമ്പയറുടെ വിവാദ തീരുമാനമുണ്ടായത്. നിലയുറപ്പിച്ച് കഴിഞ്ഞ മഹ്മദുളളയും തൗഫീക്ക് ഹൃദോയും ആയിരുന്നു ക്രീസില്‍. ഒട്ടേനല്‍ ബാര്‍ത്ത്മാന്‍ എറിഞ്ഞ 17ാം ഓവറിലെ രണ്ടാം പന്തില്‍ മഹ്ദദുളള ഫ്ളിക്ക് ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ അത് പരാജയപ്പെട്ട് പാഡില്‍ കൊള്ളുകയും പന്ത് ബൗണ്ടറി പോകുകയും ചെയ്തു.
ഈ സമയം അമ്പയര്‍ സാം സാം നഗജിസ്‌കി, മഹ്മദുളള എല്‍ബി ഔട്ട് ആണെന്ന് വിധിക്കുകയായിരുന്നു. മഹ്മദുളള സ്വാഭാവികമായും അമ്പയറുടെ തീരുമാനം ചലഞ്ച് ചെയ്തു. മൂന്നാം അമ്പയറുടെ പരിശോധനയില്‍ പന്ത് സ്റ്റമ്പിന് പുറത്തേയ്ക്കാണ് പോയതെന്നും ഫീല്‍ഡ് അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വിധിക്കപ്പെടുകയും ചെയ്തു.
ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. നിലവിലെ നിയമം അനുസരിച്ച് അമ്പയര്‍ എല്‍ബി വിധിച്ചാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞാലും ആ റണ്‍സ് ബാറ്റിംഗ് ടീമിന്റെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കില്ല. ഇതോടെ ബംഗ്ലാദേശിന് വിലപ്പെട്ട നാല് റണ്‍സാണ് നഷ്ടമായത്.
മത്സരത്തില്‍ ബംഗ്ലാദേശ് തോറ്റത് നാല് റണ്‍സിനാണ് എന്നത് കൂടി അറിയുമ്പോഴാണ് അമ്പയറുടെ ഈ തെറ്റായ തീരുമാനം ബംഗ്ലാദേശിന്റെ വിജയം തടഞ്ഞതെങ്ങനെയെന്ന് വ്യക്തമാകു.