ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് വന്‍ തിരിച്ചടി, ലങ്കന്‍ പര്യടനവും ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകും

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി-20യ്ക്കിടെ തുടയ്ക്ക് പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ദീപക് ചഹാറിന് ശ്രീലങ്കന്‍ പരമ്പരയും ഐപിഎല്ലിലെ ആദ്യത്തെ ഏതാനും മത്സരങ്ങളും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ആറ് ആഴ്ചയെങ്കിലും ചഹറിന് വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.

മത്സരത്തില്‍ തന്റെ രണ്ടാം ഓവറിലെ അവസാന പന്ത് എറിയാന്‍ ശ്രമിക്കുന്നതിനിടേയാണ് ചഹറിന് പരിക്കേറ്റത്. തുടര്‍ന്ന് കുതിച്ചെത്തിയ ടീം ഫിസിയോ ചഹറിന്റെ പരിക്ക് ഗൗരവ സ്വഭാവത്തിലുളളതാണെന്ന് തിരിച്ചറിയുകയും താരത്തെ മത്സരത്തില്‍ നിന്ന് പിന്‍വലിപ്പിക്കുകയും ആയിരുന്നു.

മത്സരത്തില്‍ അതിനോടകം തന്നെ രണ്ട് വിക്കറ്റ് ചഹര്‍ വീഴ്ത്തിയിരുന്നു. മാത്രമല്ല മനോഹരമായ സ്വിങ് ആക്രമണമാണ് ചഹര്‍ വിന്‍ഡീസ് താരങ്ങള്‍ക്കെതിരെ നടത്തിയത്. ചഹറിന്റെ പിന്‍വാങ്ങല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ അവസരത്തിനൊത്ത് ഉയര്‍ന്നത് ഇന്ത്യയ്ക്ക് തുണയായി.

മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ മൂന്നാം ടി-20യില്‍ ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 167 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. 61 റണ്‍സെടുത്ത് പുറത്തായ നിക്കോളാസ് പൂരാന്‍ ആണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ ടി-20 പരമ്പര 3-0നു തൂത്തുവാരി. ഇതോടെ ടി-20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തി.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 24നാണ് ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി-20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.