അവന്‍ ആ ഇന്ത്യന്‍ താരത്തിന്റെ കാലിബറുളള കളിക്കാരനാണ്, കൂടുതല്‍ ഉയരങ്ങളിലേക്ക് പറന്നുയരട്ടെ

Image 3
CricketIPL

കെ നന്ദകുമാര്‍പിള്ള

എത്ര മനോഹരമായിരുന്നു ചഹാറിന്റെ ബൗളിംഗ്. അത് മിഡില്‍ സ്റ്റമ്പില്‍ പിച്ച് ചെയ്ത് മായങ്ക് അഗര്‍വാളിന്റെ ഓഫ് സ്റ്റമ്പും കൊണ്ട് പോയ ഔട്‌സ്വിങ്ങറില്‍ തുടങ്ങുന്നു. ബാറ്റ്‌സ്മാനെ പൂര്‍ണമായും കബളിപ്പിച്ച പന്ത്. യൂണിവേഴ്‌സല്‍ ബോസ് ഗെയ്ലിനെ വീഴ്ത്തിയ നക്കിള്‍ ബോളിലൂടെ അത് തുടര്‍ന്നു.

രവീന്ദ്ര ജഡേജയുടെ അതിമനോഹരമായ ക്യാച്ച്. പുരാന്റെ വിക്കറ്റ് ഏറെക്കുറെ ബാറ്റ്‌സ്മാന്റെ തെറ്റായിരുന്നു എന്ന് പറയാം. മനോഹരമായൊരു സ്ലോ ബോളിലൂടെ ദീപക് ഹൂഡയുടെ വിക്കറ്റും എടുത്താണ് ചഹാര്‍ തന്റെ സ്‌പെല്‍ അവസാനിപ്പിച്ചത്.

ശാര്‍ദൂല്‍ താക്കൂറിന്റെ അതെ കാലിബര്‍ ഉള്ള, അല്ലെങ്കില്‍ അതെ രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന ഒരു കളിക്കാരനാണ് ചഹാര്‍ എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. നാഗ്പൂരില്‍ ബംഗ്ലാദേശിനെതിരെ 3.2 ഓവറില്‍ വെറും 7 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ ചഹാറിന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല.

അത്യാവശ്യം നല്ലൊരു ബാറ്റ്‌സ്മാന്‍ കൂടിയാണ് ചഹാര്‍. രഞ്ജി ട്രോഫിയില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികളും, വിജയ് ഹസാരെ ഏകദിനത്തിലും സയ്ദ് മുഷ്താഖ് അലി ടി20 യിലും ഓരോ അര്‍ദ്ധ സെഞ്ചുറികള്‍ വീതവും നേടിയിട്ടുള്ള ബാറ്റ്‌സ്മാന്‍ ആണ് ദീപക് ചഹാര്‍.

2019 ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ലീഗ് മത്സരത്തില്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ കൂടിയായ ചഹാര്‍ കളിച്ച ഇന്നിംഗ്‌സ് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ 50/ 5 എന്ന നിലയില്‍ പരുങ്ങുമ്പോഴാണ് ചഹാര്‍ ക്രീസിലേക്ക് വന്നത്. ക്യാപ്റ്റന്റെ ഉത്തരവാദത്തോടെ ബാറ്റ് ചെയ്ത ചഹാര്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. 7 സിക്സറുകള്‍ അടക്കം 42 പന്തില്‍ 55 റണ്‍സുമായി നോട്ടൗട്ട് ആയ ചഹാറിന്റെ പിന്‍ബലത്തില്‍ ഒരു ഫൈറ്റിങ് ടോട്ടല്‍ പടുത്തുയര്‍ത്തിയ രാജസ്ഥാന്‍ ഡല്‍ഹിയെ തോല്പിച്ച് സെമിയില്‍ കടന്നു.

ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കാനും അതുവഴി സൂപ്പര്‍ കിങ്‌സിനെ മികച്ച പൊസിഷനില്‍ എത്തിക്കാനും ചഹാറിനു കഴിയട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍