ഓപ്പണറായി കുട്ടി സെവാഗിന്റെ കൊണ്ട് വരൂ, സര്‍പ്രൈസ് താരത്തെ നിര്‍ദേശിച്ച് ഇന്ത്യന്‍ താരം

Image 3
CricketTeam India

ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ ആണല്ലോ നടത്തുന്നത്. ഓപ്പണിംഗ് സ്ഥാനത്ത് രോഹിത്തിനൊപ്പം ആദ്യം പന്തിനേയും പിന്നീട് സൂര്യകുമാര്‍ യാദവിനേയും വരെ ഇന്ത്യ പരീക്ഷിച്ചു.

ഇപ്പോഴിതാ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് പുതിയൊരു താരത്തെ നിര്‍ദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ്ദാസ് ഗുപ്ത. പൃഥി ഷായെ ഓപ്പണറാക്കണം എന്നാണ് ദീപ് ദാസ് ഗുപ്ത ഉപദേശിക്കുന്നത്.

‘ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമായിരിക്കും ഫസ്റ്റ് ചോയിസ് ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണറായി പൃഥ്വി ഷായെ പോലൊരു താരമുണ്ട്. വ്യത്യസ്ത മികവുമായി ഓപ്പണിംഗ് സ്ഥാനത്ത് ഷാ തിളങ്ങിയിട്ടുണ്ട്. അദ്ദേഹം ഇന്നിംഗ്സിന് തുടക്കമിടുന്ന രീതി ഗംഭീരമാണ്. അയാള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് 70ഓ 80ഓ റണ്‍സ് സംഭാവന ചെയ്യുന്നുണ്ടാവില്ല. പക്ഷേ ടീമിന് മിന്നും തുടക്കം നല്‍കാന്‍ താരത്തിനാകും’ ദീപ്ദാസ് ഗുപ്ത പറഞ്ഞു.

ഇഷാന്‍ കിഷനും മികച്ച താരമാണ്. എന്നാല്‍ അവസാന കുറച്ച് മത്സരങ്ങളില്‍ ആ താളം കുറച്ച് അദ്ദേഹത്തിന് നഷ്ടമായി എന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 10 ഇന്നിംഗ്സില്‍ 152.97 സ്ട്രൈക്ക് റേറ്റില്‍ 283 റണ്‍സ് പൃഥ്വി ഷാ നേടിയിരുന്നു. എന്നാല്‍ അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത് 2021 ജൂലൈയിലാണ്.

‘മികച്ച ബാറ്റര്‍മാരായ വിക്കറ്റ് കീപ്പര്‍മാര്‍ നിരവധി പേര്‍ ടീമിലുണ്ട്. സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരായും ഇവരെ ഉള്‍പ്പെടുത്താവുന്നതാണ്. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്. ഐപിഎല്ലില്‍ തിളങ്ങിയ ജിതേഷ് ശര്‍മ്മയെ പോലുള്ള താരങ്ങളും വളര്‍ന്നുവരുന്നുണ്ട്. പലരേയും ബാറ്റര്‍മാരായാണ് ഞാന്‍ കാണുന്നത്. ബാറ്റര്‍മാരായി പരിഗണിച്ചാല്‍ 2-3 വിക്കറ്റ് കീപ്പര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താം. ഉദാഹരണത്തില്‍ ഓപ്പണറായി കെ എല്‍ രാഹുല്‍, റിഷഭ് പന്ത് മധ്യനിരയില്‍, ദിനേശ് കാര്‍ത്തിക് ഫിനിഷറായും ഇലവനിലെത്താം’ എന്നും ദീപ് ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.