ഫൈനലിലെ കൂട്ടിയിടിയിൽ മുഖത്ത് പരിക്ക്, ഡിബ്രൂയ്നെക്ക് യൂറോ നഷ്ടമായേക്കാം

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനു മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെ പരിക്കേറ്റു പുറത്തായത് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായിരുന്നു.

കളിയിൽ സഹതാരം റിയാദ് മെഹ്റസിന് പന്ത് നൽകി മുന്നോട്ടു ഓടിയ ഡിബ്രൂയ്നെയെ ചെൽസി പ്രതിരോധതാരം അന്റോണിയോ റുഡിഗർ തോളുകൊണ്ട് ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിബ്രൂയ്നെയുടെ മുഖത്തിന്‌ സാരമായ പരിക്കേറ്റത് മൂലം മെഡിക്കൽ സംഘം താരത്തെ കൂടുതൽ പരിശോധനക്കായി മത്സരത്തിൽ നിന്നും പിൻവലിക്കുകയായിരുന്നു.

ഒരു ഗോളിനു പിറകിൽ നിൽക്കുന്ന തന്റെ ടീമിനു വേണ്ടി ഇനി കളിക്കാനാവില്ലെന്നറിഞ്ഞതോടെ താരം കൂടുതൽ വികാരഭരിതനായാണ് കളംവിട്ടത്. പിന്നീട് നടന്ന മെഡിക്കൽ പരിശോധനയിൽ താരത്തിന്റെ മൂക്കിലെ എല്ലിനും ഇടതുകണ്ണിനു താഴെ എല്ലിനും പരിക്കേറ്റതായി വ്യക്തമായിരിക്കുകയാണ്.

ഇക്കാര്യം താരം തന്നെ ട്വിറ്ററിൽ ആരാധകരോട് വെളിപ്പെടുത്തുകയുണ്ടായി. എന്തായാലും പരിക്കു മൂലം താരത്തിനു ജൂണിൽ നടക്കാനിരിക്കുന്ന യൂറോയിൽ ബെൽജിയം സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയേക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 11 ദിവസത്തിനുള്ളിൽ തുടങ്ങാനിരിക്കുന്ന ബെൽജിയത്തിന്റെ ആദ്യ മത്സരത്തിൽ റഷ്യയാണ്‌ എതിരാളികൾ.