ഡി ഗെയ അല്ല, യുണൈറ്റഡിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറാകാന്‍ അര്‍ഹത തനിക്കെന്ന് ഹെന്‍ഡേഴ്‌സണ്‍

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം ഗോൾ കീപ്പറാവാൻ തനിക്കാണ് കൂടുതൽ യോഗ്യതയെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോണിൽ നിന്നും തിരിച്ചെത്തിയ ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്‌സൺ. യുണൈറ്റഡിലെ വരാൻ പോവുന്ന സീസണെ പറ്റി ഒരു
അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഇംഗ്ലണ്ടിൽ ഒന്നാം കീപ്പർ ആയ താൻ തന്നെയാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിലും ഒന്നാം ഗോൾകീപ്പർ ആവാൻ കൂടുതൽ അർഹനെന്നാണ് ഹെൻഡേഴ്സന്റെ പക്ഷം. പുറത്തിരുന്നു കൊണ്ട് കളി കാണുന്നത് തനിക്കൊരിക്കലും യോജിച്ചു പോവാനാവാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ ഷെഫീൽഡിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഡീൻ. തുടർന്ന് യുണൈറ്റഡിൽ മടങ്ങി എത്തിയ താരം അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കുകയായിരുന്നു.

“തീർച്ചയായും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞാൻ ഒന്നാം ഗോൾകീപ്പർ സ്ഥാനം അർഹിക്കുന്നു. ഒരു മികച്ച സീസൺ കഴിഞ്ഞ ശേഷം തിരികെ വന്നു ഞാൻ കളിക്കാതെ പുറത്തിരിക്കുമെന്ന് ചിന്തിക്കാനാവില്ല. ചുറ്റും ഫുട്ബോൾ നടക്കുമ്പോൾ കളിക്കാതെ ബെഞ്ചിൽ ഇരിക്കുന്നതിനോട് എനിക്ക് യാതൊരു താത്പര്യവുമില്ല.”

അത്‌ ആരെയും സഹായിക്കാൻ പോവുന്നില്ല എന്നതാണ് വസ്തുത. എന്റെ ലക്ഷ്യം എന്നുള്ളത് ടീമിൽ ഇടം നേടി കളിക്കുകയെന്നതാണ്. അത്‌ കൊണ്ട് തന്നെ ഞാൻ വിട്ടു കൊടുക്കാനൊന്നും പോവുന്നില്ല. ഞാൻ സമ്മർദ്ദം ചെലുത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്” ഡീൻ ഹെൻഡേഴ്‌സൺ വ്യക്തമാക്കി. ഡി ഗെയക്ക് 2023 വരെ യുണൈറ്റഡിൽ കരാർ നിലവിലുണ്ട്. അടുത്തിടെ മോശം പ്രകടനമാണ് ഡി ഗെയ കാഴ്ചവെക്കുന്നത്. നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് ടീമിൽ കളിക്കാനൊരുങ്ങി നിൽക്കുകയാണ് ഹെൻഡേഴ്‌സൺ.

You Might Also Like