ഡിഗെയക്കു കീഴിൽ യുണൈറ്റഡിൽ തുടരാൻ താത്പര്യമില്ല, ഹെൻഡേഴ്സണ് വേണ്ടി മത്സരിച്ച് ടോട്ടനവും ഡോർട്ട്മുണ്ടും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നാം നമ്പർ ഗോൾകീപ്പറായി ഡിഗെയ തന്നെ തുടരുന്നതിനാൽ ഈ സമ്മറിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് രണ്ടാം നമ്പർ ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്സൺ. യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതാണ് ക്ലബ്ബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. ഈ സീസണിൽ എല്ലാ കമ്പറ്റീഷനുകളിലുമായി ആകെ പതിമൂന്നു മത്സരങ്ങളിൽ മാത്രമാണ് താരത്തിനു കളിക്കാൻ സാധിച്ചിട്ടുള്ളത്.

നിലവിൽ താരത്തിനായി ടോട്ടനം ഹോട്സ്പറും ബൊറൂസിയ ഡോർട്മുണ്ടും താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സ് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ സീസൺ അവസാനം പുതിയ ഒരു വെല്ലുവിളി ഏറ്റെടുക്കാനാണ് താരത്തിന്റെ തീരുമാനം.

മുൻപും ഇക്കാര്യം താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഡിഗെയക്ക് മുകളിൽ ഒന്നാം ഗോൾകീപ്പറാവാനാണ് താത്പര്യമെന്നും നടന്നില്ലെങ്കിൽ ക്ലബ്ബ് വിടാനും മടിയില്ലെന്നു താരം വ്യക്തമാക്കിയിരുന്നു. നിലവിലെ ടോട്ടനം പരിശീലകനായ ജോസെ മൗറീഞ്ഞോയുടെ ഇഷ്ടതാരമാണ് ഹെൻഡേഴ്സൺ.

2016-18 കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന സമയത്ത് താരത്തിന്റെ മികവിനെക്കുറിച്ച് മൗറിഞ്ഞോ തന്നോട് സംസാരിച്ചിരുന്നുവെന്നു സ്കൈ സ്‌പോർട്സ് പണ്ഡിറ്റായ ഗ്രേയം സൂനസ് വെളിപ്പെടുത്തിയിരുന്നു. കാലങ്ങൾക്കു മുമ്പേ യുണൈറ്റഡിൽ കളിക്കേണ്ട താരമായിരുന്നുവെന്നു മൗറിഞ്ഞോ പറഞ്ഞുവെന്നു സൂനസ് പറയുന്നു.

നിലവിലെ ടോട്ടനം ഗോൾകീപ്പറായ ഹ്യൂഗോ ലോറിസിൽ താത്പര്യം പ്രകടിപ്പിച്ചു പിഎസ്‌ജിയെത്തിയതോടെയാണ് മൗറിഞ്ഞോ താരത്തിൽ ശ്രദ്ധ പതിപ്പിച്ചത്. ലോറിസിനും ജന്മരാജ്യത്തിലേക്ക് തിരിച്ചു പോവാൻ താത്പര്യമുണ്ട്. താരം പോകാനിടയുള്ള മറ്റൊരു ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടാണ്. ചാമ്പ്യൻസ്‌ലീഗിൽ യോഗ്യത നിലനിർത്താനിടയുള്ള ഡോർമുണ്ടും താരത്തിന്റെ പരിഗണനയിലുണ്ട്.

You Might Also Like