താങ്കളെ എങ്ങനെ മറക്കും, നിങ്ങള്‍ ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു

Image 3
CricketCricket News

ധനേഷ് ദാമോദരന്‍

1986 ലെ ചെപ്പോക്ക് ടെസ്റ്റ് ഒരു ടൈയില്‍ കലാശിച്ചത് ചരിത്ര നീതിയായിരിക്കാം .. ആ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ ലോകം കണ്ട ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റര്‍മാരിലൊരാളായ ഡീന്‍ മെര്‍വിന്‍ ജോണ്‍സ് എന്ന വിക്ടോറിയക്കാരന്റെ ഐതിഹാസികമായ ടെസ്റ്റ് ഇന്നിങ്‌സ് ചരിത്രത്തില്‍ അര്‍ഹമായ വാഴ്ത്തിപ്പെടലുകള്‍ ഇല്ലാതെ വിസ്മൃതിയിലാണ്ടേനെ .

34 വര്‍ഷത്തിനിപ്പുറവും ആ ചരിത്ര ഇന്നിങ്‌സ് ചര്‍ച്ച ചെയ്യപ്പെടുന്നു .തന്നെ ചരിത്രമാക്കിയ ആ ടൈ ടെസ്റ്റിന് കൃത്യം 34 വയസു തികയുന്ന അന്ന് തന്നെ ഡീനോ കഴിഞ്ഞ വര്‍ഷം തന്റെ 59 ആം വയസില്‍ അകാലത്തില്‍ ഓര്‍മ്മകള്‍ ബാക്കിയാക്കി ലോകത്തോട് വിട പറയുമ്പോള്‍ അതും ഒരു ചരിത്ര നിയോഗമായി തോന്നിയേക്കാം .

മദ്രാസിലെ 42 ഡിഗ്രി കൊടും ചൂടില്‍ 120 റണ്‍സ് പിന്നിട്ട ശേഷം ,പ്രജ്ഞയറ്റ് ,ഓര്‍മ്മകള്‍ പോലും മരിച്ച് ,എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ, പരീക്ഷണനായി ജീവനറ്റ പോലെയായിരുന്നു അയാള്‍ .

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ഒരു ഇന്നിങ്ങ്‌സിന്റെ തുടര്‍വഴികളില്‍ 170 ലെത്തിയപ്പോഴേക്കും ശാരീരിക പ്രതികരണങ്ങള്‍ക്ക് പോലും മാറ്റം സംഭവിക്കാന്‍ തുടങ്ങി .ഡീ ഹൈഡ്രേഷന്‍ സംഭവിച്ചു .പാന്റ്‌സില്‍ മൂത്രമൊഴിച്ച ജോണ്‍സ് 15 തവണയാണ് ഛര്‍ദ്ദിച്ചത് .ഒരിഞ്ചു പോലും മുന്നോട്ട് പോകാന്‍ പറ്റാതെ ജീവഛവമാകുമെന്ന് തോന്നിയപ്പോള്‍ ഒരു വിശ്രമം അത്യാവശ്യമായ അയാളെ ഡ്രസിംഗ് റൂം മാടി വിളിച്ചു .പക്ഷെ നായകന്‍ അലന്‍ ബോര്‍ഡറുടെ പ്രതികരണം ക്രൂരവും പ്രകോപനവുമായിരുന്നു .

‘No way ‘

‘നിനക്ക് വേണമെങ്കില്‍ വിക്കറ്റ് വലിച്ചെറിയാം .പക്ഷെ Retired hurt പറ്റില്ല .’

ചായ സമയത്ത് 202 റണ്‍സുമായി കരുണ കാത്ത ജോണ്‍സിനോടുള്ള നായകന്റെ പരിഹാസ വാക്കുകള്‍ ഒരു അഭിമാനിയായ പോരാളിക്ക് താങ്ങാവുന്നത്തേതിനേക്കാള്‍ വലുതായിരുന്നു .

‘ If u can’t handle the situation ,Let’s get a tough Queenslander out here .’

‘Get me ,Greg Ritchie, the real Australian’

ഒരു പക്ഷെ ശക്തരായ ഇന്ത്യക്കെതിരെ ഡീന്‍ ജോണ്‍സ് കുറച്ചു നേരം കൂടി ക്രീസില്‍ തുടരണമെന്ന തന്ത്രശാലിയായ ബോര്‍ഡര്‍റുടെ ഒരു നീക്കം കൂടിയായിരിക്കാം അത് .ബോര്‍ഡറുടെ പ്രകോപനം വിജയിച്ചു .അത്രയും നേരം 500 മിനുട്ടുകളോളം പിടിച്ചു നിന്ന ഡീനോയ്ക്ക് തളര്‍ച്ചയേക്കാള്‍ വലുതായിരുന്നു ആ പരിഹാസം . വിക്ടോറിയക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിച്ച ജോണ്‍സ് മൈതാനത്ത് മരിച്ചു വീണാലും പ്രശ്‌നമില്ലെന്ന് ഉറപ്പിച്ച് ബാറ്റിങ്ങ് തുടരാന്‍ തീരുമാനിച്ചു.

ഒടുവില്‍ ശിവ് ലാല്‍ യാദവിന്റെ പന്തില്‍ 210 ല്‍ നില്‍ക്കെ പുറത്തായ ഉടനെ ജോണ്‍സിനെ പ്രവേശിപ്പിച്ചത് അശുപത്രിക്കിടക്കയിലേക്കായിരുന്നു .നിര്‍ജലീകരണം സംഭവിച്ച ജോണ്‍സിന്ഡ്രിപ്പ് നല്‍കുകയാണുണ്ടായത് .

ആ ഇന്നിങ്ങ്‌സിനിടെ 7 കിലോ ശരീരഭാരം പോലും കുറഞ്ഞ ജോണ്‍സിന് ആ നഷ്ടം നികത്താന്‍ 9 മാസം വേണ്ടി വന്നു .ആദ്യ ദിവസം 56 റണ്‍സുമായി പുറത്താകാതെ നിന്ന ജോണ്‍സ് എങ്ങനെയെങ്കിലും സെഞ്ചുറി നേടണമെന്ന ആശങ്കയില്‍ ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാഞ്ഞതും വിനയായി .രണ്ടാമിനിങ്ങ്‌സിലും ജോണ്‍സ് ബാറ്റ് ചെയ്തു .49 മിനിറ്റ് കളിച്ച് 3 ഫോറുകള്‍ സഹിതം 24 റണ്‍സ് നേടി .രണ്ടാമിന്നിങ്‌സില്‍ 170 ന് 5 ല്‍ ഡിക്‌ളയര്‍ ചെയ്ത് 348 റണ്‍സ് ലക്ഷ്യം കുറിച്ച ഓസീസിന്റെ പിറകെ പോയ ഇന്ത്യ അതേ സ്‌കോറില്‍ പുറത്തായതോടെ ചെപ്പോക്ക് ചരിത്രമായി .

ചരിത്രമുറങ്ങിയ ചെപ്പോക്ക് ടെസ്റ്റ് ജോണ്‍സിന്റെ മൂന്നാമത്തെ മാച്ച് മാത്രമായിരുന്നു .മാത്രമല്ല രണ്ടര വര്‍ഷത്തെ ഇടവേളക്കു ശേഷം അവസരം ലഭിച്ച ടെസ്റ്റും .ടീമിലൊരു സ്ഥാനത്തിനു വേണ്ടി മൈക്ക് വാലറ്റക്കൊപ്പം മത്സരിച്ച ജോണ്‍സിനെ മത്സരത്തിന് 2 ദിവസം മുന്‍പ് അപ്രതീക്ഷിതമായാണ് ടീമിലുള്‍പ്പെടുത്തിയത് .

നായകന്‍ ബോര്‍ഡര്‍ തുടക്കക്കാരനെ പ്രചോദിപ്പിച്ചു . ‘മൂന്നാം നമ്പറിലാണ് തന്നെ ബാറ്റിങ്ങിനിറക്കുന്നത് .തന്റെ കരിയറില്‍ ലഭിക്കുന്ന സുവര്‍ണാവസരം .പക്ഷെ ഒരു കാര്യം ഓര്‍ക്കണം .ബ്രാഡ്മാന്‍ ,നീല്‍ ഹാര്‍വി ,ഇയാന്‍ ചാപ്പല്‍ തുടങ്ങിയ മഹാരഥന്‍മാര്‍ അലങ്കരിച്ച സ്ഥാനമാണത്. അതിന്റെ പ്രാധാന്യവും ബഹുമാനവും ആ സ്ഥാനത്തിന് നല്‍കണം ‘.

നായകന്റെ പ്രതീക്ഷക്കപ്പുറം വളര്‍ന്ന ജോണ്‍സ് രചിച്ചത് ചരിത്രമായിരുന്നു .

ഡീനോ എന്ന താരത്തെ ഏറ്റവുമധികം ഓര്‍ക്കപ്പെടുന്നതും ചെപ്പോക്ക് ടൈ ടെസ്റ്റിലെ ആ ഇന്നിങ്‌സിന്റെ പേരില്‍ തന്നെയാണ് .എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ആ ഇന്നിങ്‌സുകളിലൊന്ന് കളിച്ചതിന്റെ പേരില്‍ ലോകം വാഴ്ത്തുന്നത് ഏകദിന ക്രിക്കറ്റില്‍ പേസ് ബൗളര്‍മാരെ വരെ ക്രീസിന് വെളിയിലിറങ്ങി അടിച്ചു പറത്തിയ ശൈലി കൊണ്ടു വന്ന ഒരാളെയായിരുന്നു എന്നത് ആ ഇന്നിങ്‌സിന്റ പ്രസക്തി ഒന്നു കൂടി വര്‍ദ്ധിപ്പിക്കുന്നു .

കീഴ്ച്ചുണ്ടില്‍ ക്രീം പുരട്ടി ,ഗ്രൗണ്ടില്‍ മാസ്മരിക ഫീല്‍ഡിങ് കാഴ്ച വെച്ച ,വിക്കറ്റിനിടയിലൂടെ മുയലിനെ പോലെ ഓടുന്ന ,തകര്‍പ്പന്‍ ഫൂട്ട് വര്‍ക്കുമായി സ്‌ട്രോക്ക് പ്ലെയുടെ പര്യായമായ ജോണ്‍സ് വിവിയന്‍ റിച്ചാര്‍ഡ്‌സിനും ജാവേദ് മിയാന്‍ദാദിനും ഒപ്പം ഏകദിന ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റിയെഴുതിയ താരമായിരുന്നു എന്ന് നിസ്സംശയം പറയാം .ഇന്നത്തെ കാലത്ത് ബൗണ്ടറി ലൈനുകളില്‍ സര്‍വസാധാരണമായ ഔട്ട് ഫീല്‍ഡിലെ പെര്‍ഫെക്ട് സ്‌ളൈഡിങ്ങ് ടെക്‌നിക്ക് കൊണ്ടു വന്നതും ജോണ്‍സല്ലാതെ മറ്റാരുമല്ല . ഫീല്‍ഡില്‍ സണ്‍ഗ്ലാസ് ഉപയോഗിച്ച ആദ്യ താരവും ജോണ്‌സ് തന്നെയായിരുന്നു .

ആദ്യകാലത്ത് മികച്ച സ്പിന്നര്‍മാരെ നേരിടുന്നതില്‍ വിഷമിച്ച ജോണ്‍സ് ഷാര്‍ജയിലും ഏഷ്യന്‍ പിച്ചുകളിലും പരുങ്ങിയ അതേ ജോണ്‍സ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആസ്‌ട്രേലിയ വിശ്വ കിരീടം ഉയര്‍ത്തിയ 1987 ലോകകപ്പില്‍ നിര്‍ണായകമായ വണ്‍ ഡൗണ്‍ പൊസിഷനില്‍ മിന്നിത്തിളങ്ങി. 3 അര്‍ധ സെഞ്ചുറികളടക്കം 44 ശരാശരിയില്‍ 314 റണ്‍സ് കുറിച്ച ജോണ്‍സ് ഫൈനലിലും 33 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി .

ലോകകിരീടവുമായി ബോര്‍ഡറിന്റെ തൊട്ടടുത്ത് ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന ജോണ്‍സിന്റെ മുഖം ക്രിക്കറ്റ് പ്രേമികള്‍ മറക്കില്ല .ആ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ജോണ്‍സിന്റെ ഒരു ഫോര്‍ അപയറിനോട് പരാതിപ്പെട്ട ശേഷം സിക്‌സര്‍ അനുവദിക്കുകയുണ്ടായി .ആ മത്സരം ഓസീസ് ജയിച്ചത് 1 റണ്‍സിനായിരുന്നു. 1 ലക്ഷം പേര്‍ കണ്ട കല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനല്‍ തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായി ജോണ്‍സ് കണക്കാക്കിയിരുന്നത് .

1986 മുതല്‍ 1992 വരെ ആസ്‌ട്രേലിയന്‍ ടീമിന്റെ പില്ലര്‍ ആയിരുന്നു ഡീനോ . ചെപ്പോക്ക് ടെസ്റ്റിനു പിന്നാലെ 1989 ലെ ആഷസ് ടെസ്റ്റിലും ജോണ്‍സ് ദീര്‍ഘഫോര്‍മാറ്റിലെ തന്റെ മികവു തെളിയിച്ചു .ഒരു പാട് വര്‍ഷത്തിനു ശേഷം ബോര്‍ഡറുടെ നായകത്വത്തില്‍ ഇംഗ്ലണ്ട് മണ്ണില്‍ 4-0 ന് ഓസീസ് ആഷസ് നേടിയപ്പോള്‍ മിന്നും താരം ജോണ്‍സ് ആയിരുന്നു .2 സെഞ്ചുറികള്‍ അട ക്കം ജോണ്‍സിന്റെ ബാറ്റില്‍ പിറന്നത് 566 റണ്‍സുകള്‍ .അതേ വര്‍ഷം അക്രമും വഖാറും ഉള്‍പ്പെട്ട പാക് നിരക്കെതിരെ നേടിയ തുടര്‍ച്ചയായ 2 ടെസ്റ്റ് സെഞ്ചുറികളും ജോണ്‍സ് എന്ന വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാന്റെ ചങ്കുറപ്പ് തെളിയിക്കുന്ന ഇന്നിങ്‌സുകളായിരുന്നു .

ചെപ്പോക്കില്‍ സ്പിന്നര്‍മാരെ നേരിട്ട കഠിന സാഹചര്യത്തിനു ശേഷം അടുത്ത വര്‍ഷം അഡലെയ്ഡിലും ജോണ്‍സിന്റെ ഒരു ഇരട്ട സെഞ്ചുറി കണ്ടു .ഇത്തവണ സാഹചര്യം നേരെ വ്യത്യസ്തമായിരുന്നു .മാര്‍ഷല്‍ ,ആംബ്രോസ് ,പാറ്റേഴ്‌സണ്‍ ,വാല്‍ഷ് എന്നി തീ തുപ്പുന്ന പേസര്‍മാര്‍ക്കെതിരെ 347 പന്തില്‍ 216 റണ്‍ നേടിയ ജോണ്‍സ് പേസര്‍മാര്‍ക്കെതിരെ എത്രത്തോളം ആധിപത്യം പുലര്‍ത്തുന്നവനായിരുന്നുവെന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു .

1984 ല്‍ ചാപ്പല്‍ ,ലില്ലി ,മാര്‍ഷുമാരുടെ ഒന്നിച്ചുള്ള റിട്ടയര്‍മെന്റ് പ്രതിസന്ധിയിലാക്കിയിരുന്ന ഓസീസ് പുതിയ മുഖങ്ങളെ തേടുകയായിരുന്നു .പ്രതിഭകളുടെ വിരമിക്കലിന് ശേഷം മദ്രാസ് ടൈ ടെസ്റ്റിന് മുന്‍പ് ഓസ്ട്രേലിയ 25 ടെസ്റ്റുകള്‍ കളിച്ചപോള്‍ ജയിച്ചത് വെറും 3 ടെസ്റ്റുകളിലായിരുന്നു .1984 ല്‍ ഗ്രഹാം യാലൂപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ ജോണ്‍സിന് പക്ഷെ സ്റ്റീവ് സ്മിത്തിന് അസുഖമായതിനെ തുടര്‍ന്നാണ് ടീമിലിടം കിട്ടിയത് .അരങ്ങേറ്റ ടെസ്റ്റില്‍ ടീം 3 വിക്കറ്റിന് 16,5 ന് 85 എന്ന നിലയില്‍ തകര്‍ന്ന നിലയിലായിരുന്നു ഡീനോ 7 ആം നമ്പറില്‍ എത്തിയത് . ഗാര്‍നര്‍ ,മാര്‍ഷല്‍ ,വെയ്ന്‍ ഡാനിയേല്‍ ഉള്‍പ്പെട്ട വിന്‍ഡീസ് പേസ് ബാറ്ററിയെ പല്ലും നഖവും കൊണ്ട് 161 മിനുട്ട് പ്രതിരോധിച്ച ജോണ്‍സ് 48 റണ്‍ നേടിയതിനു പുറമെ അലന്‍ ബോര്‍ഡര്‍ക്കൊപ്പം 100 റണ്‍ കുട്ടുകെട്ടും സൃഷ്ടിച്ചു .തന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സായി ജോണ്‍സ് കരുതുന്നതും ആ അരങ്ങേറ്റ ഇന്നിങ്ങ്‌സ് ആയിരുന്നു .

എന്തും വെട്ടിത്തുറന്ന് പറഞ്ഞ് ശീലമുള്ള ജോണ്‍സിന് പക്ഷെ കളിമികവും അക്കാര്യത്തില്‍ തുണച്ചില്ല . 1992 -93 ലെ ബെന്‍സണ്‍ & ഹെഡ്ജസ് വേള്‍ഡ് സീരീസില്‍ സിഡ്‌നിയില്‍ വിന്‍ഡീസിനെതിരായ മാച്ചില്‍ ആംബ്രോസിന്റെ കൈയിലെ റിസ്റ്റ് ബാന്‍സ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പരാതിപ്പെട്ട് അത് അഴിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു .പ്രകോപിപ്പിക്കപ്പെട്ട ആംബ്രോസ് ആ സംഭവത്തിനു ശേഷം നിറഞ്ഞാടി ഓസീസിനെ നാണം കെടുത്തുകയുണ്ടായി .ആ സംഭവം ജോണ്‍സിന് ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുത്തുകയുണ്ടായി .തൊട്ടു മുന്‍പ് നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ 3 ടെസ്റ്റില്‍ 55.20 ശരാശരിയില്‍ 276 റണ്‍ നേടിയ ജോണ്‍സ് അപ്രതീക്ഷിതമായി ടീമിന് പുറത്തായി .

52 ടെസ്റ്റുകളില്‍ 11 സെഞ്ചുറികള്‍ ,46.55 ശരാശരിയില്‍ 3631 റണ്‍സുകള്‍ .ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച കണക്കുകള്‍ .ഒരു സമ്പൂര്‍ണ്ണ ടെസ്റ്റ് ക്രിക്കറ്ററായിട്ടും ഒരു വണ്‍ഡേ സ്‌പെഷ്യലിസ്റ്റ് എന്ന രീതിയില്‍ അറിയപ്പെട്ടത് തന്നെ ഏകദിന ക്രിക്കറ്റില്‍ ജോണ്‍സ് ഉണ്ടാക്കിയ വിപ്ലവങ്ങള്‍ എത്ര മാത്രമായിരുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ഒരു തവണ 99 ല്‍ പുറത്താകാതെ നിന്ന ജോണ്‍സ് 32 ഇന്നിങ്‌സുകള്‍ക്കു ശേഷമാണ് തന്റെ ആദ്യ സെഞ്ചുറിയിലെത്തിയത് .1987 ജനുവരി 1 ന് ആ വര്‍ഷത്തിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെതിരെ 125 പന്തില്‍ 104 റണ്‍ നേടിയ ജോണ്‍സ് തൊട്ടടുത്ത ദിവസം ജനുവരി 2 ആം തീയതി പാകിസ്ഥാനെതിരെ 121 പന്തില്‍ 113 റണ്‍സും അടിച്ച് പുതിയ ബാറ്റിങ്ങ് പ്രതിഭാസമായി .2 കളികളിലും പക്ഷെ ഓസീസ് പരാജയമേറ്റു വാങ്ങി .പക്ഷെ ഇംഗ്ലണ്ടിനെതിരെ 101 പന്തില്‍ 101 നേടിയ ജോണ്‍സിന്റെ മൂന്നാം സെഞ്ചുറി ടീമിനെ വിജയത്തിലെത്തിച്ചു .

കരിയറില്‍ 7 ഏകദിന സെഞ്ചുറികള്‍ നേടിയ ജോണ്‍സ് 164 ഏകദിനങ്ങളില്‍ 44.61 ശരാശരിയില്‍ കുറിച്ചത് 6063 റണ്‍സുകള്‍ .അക്കാലഘട്ടത്തില്‍ 2 ഫോര്‍മാറ്റുകളിലും 45 നടുത്ത് ശരാശരിയില്‍ റണ്‍സടിച്ചവര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ കാണൂ .

1988-89 ല്‍ വിന്‍ഡീസിനെതിരെ മഴ മൂലം 38 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ മാര്‍ഷല്‍ ,ബിഷപ്പ് മാര്‍ക്കെതിരെ 8 ഫോറുകളും 2 സിക്‌സറുമടക്കം 82 പന്തില്‍ 93 റണ്‍ നേടിയ ഇന്നിങ്‌സ് ഇന്നും ആരാധകര്‍ കോരിത്തരിപ്പോടെ ഓര്‍മ്മിക്കുന്നുണ്ട് .ആ മത്സരത്തില്‍ 28 പന്തുകള്‍ക്ക് മുന്‍പ് വിന്‍ഡീസ് മത്സരം ജയിച്ചെങ്കിലും മാല്‍ക്കം മാര്‍ഷലിനെ മിഡ് വിക്കറ്റിലൂടെ പറത്തിയ സിക്‌സര്‍ ആ മത്സരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു .ഗാബയില്‍ ഇംഗ്‌ളണ്ടിനെതിരെ നേടിയ 145 റണ്‍സ് പ്രകടനം അക്കാലത്തെ ഏത് ലോകോത്തര താരത്തിനും സ്വപ്നം പോലും കാണാന്‍ വിഷമമുള്ള ഇന്നിങ്‌സായിരുന്നു .

1993 ല്‍ ടീമില്‍ നിന്നും പുറത്തായെങ്കിലും 94 ല്‍ തിരിച്ചു വന്ന് ശക്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ബ്രിസ്‌ബെയ്‌നിലെ കടുത്ത ചൂടില്‍ കഴുത്തില്‍ ഐസ് കോളറിട്ട് നേടിയ 98 റണ്‍സിലുടെ ജോണ്‍സ് വീണ്ടും ക്രിക്കറ്റ് ലോകത്ത് വാര്‍ത്തകളില്‍ നിറഞ്ഞു .

വീണ്ടും തഴയപ്പെട്ട ജോണ്‍സ് 1994 – 95 ല്‍ വിക്ടോറിയക്ക് വേണ്ടി തന്റെ ഇഷ്ട ഗ്രൗണ്ടായ മെല്‍ബണില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയാണ് ജോണ്‍സ് മറുപടി നല്‍കിയത് . 1996 ലെ ലോകകപ്പിന്റെ ഇനീഷ്യല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടുവെകിലും ഫൈനല്‍ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടു .അക്കാലത്തും തലയെടുപ്പുള്ള ഓസി ബാറ്റ്‌സ്മാനായിരുന്ന ജോണ്‍സ് പ്രതികരിച്ചു .

‘ If they keep saying I’m one of the best one day players in the world then ,why i am not there’.

തന്റെ കഴിവിനനുസരിച്ചുള്ള നേട്ടം കൈവരിക്കാന്‍ പറ്റിയില്ലെങ്കിലും മനം മടുത്ത് വിരമിച്ചപ്പോഴും തനിക്ക് എല്ലാം തന്ന ക്രിക്കറ്റിനെ ജോണ്‍സ് തള്ളിപ്പറഞ്ഞില്ല .

‘ I should have played more than I did .But I won a World cup ,Played a tied test ,Played in 3 Ashes ,Won a world series Cup ,captained teams ‘

വിരമിച്ച ശേഷം കോച്ചായും ,കമന്റേറ്ററായും ,കോളമിസ്റ്റായും ഡീനോ സാന്നിധ്യമറിയിച്ചു . കമന്ററി ബോക്‌സിലെ കൃത്യമായ വിശകലനങ്ങള്‍ ജോണ്‍സിന് ‘ പ്രൊഫസര്‍ ഡീനോ ‘ എന്ന വിളിപ്പേര് പോലും നല്‍കി .എന്നാല്‍ 2006 ല്‍ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ നടന്ന ടെസ്റ്റിനിടെ ഹഷിം അംല സംഗക്കാരയുടെ ക്യാച്ചെടുത്തപ്പോള്‍ ‘Terrorist has got one ‘ എന്ന് തമാശ രീതിയില്‍ പറഞ്ഞത് വിവാദമായി .താന്‍ മറ്റൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് ആണയിട്ടെങ്കിലും കമന്ററി ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു .ജോണ്‍സിന്റെ പ്രതികരണം തമാശ നിറഞ്ഞതായിരുന്നു .

‘ I m trying to hit 4 ‘s & 6’ s in the commentary box, I m trying to think outside the box. Yes, I played a bad Shot with that Terrorist remark & I gotout ‘

അപ്രതീക്ഷിതമായി അകാലത്തില്‍ ജീവിതത്തിലെ കുറെ നല്ല ഇന്നിങ്‌സുകള്‍ ബാക്കിയാക്കി അദ്ദേഹം 59 ആം വയസില്‍ റണ്ണൗട്ടായി മടങ്ങുമ്പോള്‍ 80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കം വരെയും ക്രിക്കറ്റ് പ്രേമികള്‍ എന്നെന്നും ഓര്‍ക്കുന്ന ഒരു മുഖത്തെയാണ് നഷ്ടപ്പെട്ടത് .2007 ല്‍ ആസ്‌ട്രേലിയ തിരഞ്ഞെടുത്ത ‘Greatest ever Odi Team ‘ ല്‍ സ്ഥാനം പിടിച്ച ജോണ്‍സ് ആസ്‌ട്രേലിയ ഒരു പുതിയ ലോകശക്തിയായി വളര്‍ന്നപ്പോള്‍ അതിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു .

ഡീനോ ,നിങ്ങള്‍ ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു .

‘ താങ്കളെ എങ്ങനെ മറക്കും

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍