സൂപ്പര്‍ താരം മടങ്ങിവരുന്നു, ദേശീയ ടീമിനായി കളിക്കും

ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്സ്മാനുമായ എബി ഡിവില്ലിയേഴ്സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ നിലവിലെ കോച്ചും ഡിവില്ലേഴ്‌സിന്റെ മുന്‍ ടീമംഗവുമായ മാര്‍ക്ക് ബൗച്ചര്‍.

‘കോവിഡിന് മുമ്പ് എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവന്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം ചര്‍ച്ചകള്‍ നടത്തും. പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള കാര്യങ്ങളെ കാണുന്നത്. ഇത്തവണത്തെ ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്’ ബൗച്ചര്‍ പറഞ്ഞു.

ഇതോടെ ഡിവില്ലേഴ്‌സ് ഉടന്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നേരത്തെ ഡിവില്ലേഴ്‌സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനിടേയാണ് കോവിഡെത്തിയതും മടങ്ങിവരവ് അനിശ്ചിതത്തിലാക്കിയതും.

ഐ.പി.എല്ലില്‍ ബാംഗ്ലൂരിന് വേണ്ടി ഗംഭീര പ്രകടനമായിരുന്നു ഡിവില്ലിയേഴ്സ് പുറത്തെടുത്തത്. 15 മത്സരത്തില്‍ നിന്ന് 454 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഡിവില്ലിയേഴ്സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഐ.സി.സിയുടെ ടി20 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡിവില്ലിയേഴ്സ് കളിക്കുമെന്നാണ് പ്രതീക്ഷ.

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ, ഏകദിന ലോക കപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയായിരുന്നു 2018 മേയില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമിനൊപ്പം ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ പ്രായവും അനുകൂലമായി നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍.

You Might Also Like