മെസി തുടരാൻ തീരുമാനിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്, മനസുതുറന്ന് ഫ്രങ്കീ ഡിജോങ്

ഈ സീസണിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചെങ്കിലും 700 മില്യൺ റിലീസ് ക്ലോസ്‌ കൊടുക്കാനാവാത്തതു മൂലം ബാഴ്സയിൽ തുടരുമെന്നു മെസി പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ മെസിയുടെ തീരുമാനത്തോട് തന്റെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് സഹതാരമായ ഫ്രങ്കീ ഡിജോങ് . പോളണ്ടിനെതിരായ മത്സരത്തിന് ശേഷം എൻഒഎസ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഡിജോങ് മെസിയെക്കുറിച്ച് മനസു തുറന്നത്.

മെസി ബാഴ്സയിൽ തുടരാൻ തീരുമാനിച്ചതിൽ വളരെ സന്തുഷ്ടനാണ് താനെന്നാണ് ഡച്ച് താരം അഭിപ്രായപ്പെട്ടത്. എന്നാൽ മെസി ബാഴ്‌സ വിടുന്നതിനെക്കുറിച്ച് താരവുമായോ ബാഴ്സയിലെ സഹതാരങ്ങളുമായോ താൻ സംസാരിച്ചിട്ടില്ലെന്നും താനും മാധ്യമങ്ങളിലൂടെയാണ് ആ സംഭവം അറിഞ്ഞതെന്നും ഡിജോങ് തുറന്നുപറഞ്ഞു.

“മെസിയുടെ ബാഴ്സയിൽ തുടരാനുള്ള തീരുമാനത്തിൽ എനിക്ക് വളരെ സന്തോഷമേകുന്ന കാര്യമാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടെന്നത് ഞങ്ങൾക്ക് സന്തോഷം പകരുന്ന ഒന്നാണ്. മാത്രവുമല്ല അത്‌ ഞങ്ങൾക്ക് ഗുണമേ ചെയ്യുന്നുള്ളൂ. ഈ ദിവസങ്ങളിൽ ക്ലബിലുള്ള ആരുമായും ഞാൻ സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിയുന്നത്.”

“അതെല്ലാം മെസിക്കും ക്ലബ്ബിനും ഇടയിൽ സംഭവിച്ച കാര്യങ്ങളാണ്. ഞാനിപ്പോൾ നാഷണൽ ടീമിനൊപ്പമാണുള്ളത്. കൂടാതെ പ്രശ്നങ്ങളിൽ നിന്നെല്ലാം മാറി നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” ഡി ജോങ് അഭിമുഖത്തിൽ വെളിപ്പെടുത്തി. ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാന്റെ പദ്ധതിയിലെ ഏറ്റവും പ്രാധാനപ്പെട്ട താരമാണ് ഡിജോങ് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ സീസണിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പൊസിഷനിൽ കളിപ്പിക്കുമെന്നും കൂമാൻ വ്യക്തമാക്കിയിരുന്നു.

You Might Also Like