യുണൈറ്റഡ് ഇതിഹാസത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു, ക്ഷമയാചിച്ച് ഡി ഗെയ
ഒരു പാട് വര്‍ഷങ്ങള്‍ മുന്നിലുണ്ടെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ പുതിയ റെക്കോര്‍ഡിന് യുണൈറ്റഡ് ഇതിഹാസത്തോട് ക്ഷമ യാചിക്കുകയാണ് ഗോള്‍കീപ്പറായ ഡേവിഡ് ഡി ഗെയ. മുന്‍ യുണൈറ്റഡ് ഗോള്‍കീപ്പറായ പീറ്റര്‍ സ്മൈക്കലിന്റെ യൂണൈറ്റഡിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശകളിക്കാരനെന്ന റെക്കോര്‍ഡാണ് ഡി ഗെയ ഭേദിച്ചത്.
ആസ്റ്റണ്‍ വില്ലയുമായി 3-0നു യുണൈറ്റഡ് വിജയിച്ചപ്പോള്‍ ക്ലീന്‍ഷീറ്റുമായി തിളങ്ങിയ ഡി ഗെയ ഈ മത്സരത്തിലൂടെ പീറ്റര്‍ സ്മൈക്കലിന്റെ യുണൈറ്റഡിനു വേണ്ടി 399 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും 2011ല്‍ യുണൈറ്റഡിലെത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
‘സ്മൈക്കലിനോട് ക്ഷമ ചോദിക്കുന്നു. ഇതൊരു മഹത്തായ നേട്ടമാണ്. കുറെക്കാലമായി ഇവിടെ ഞാന്‍ കളിക്കുന്നുണ്ട്. വളരെ മികച്ച രീതിയില്‍ തന്നെ എനിക്കിവിടെ കളിക്കാന്‍ സാധിക്കുന്നുണ്ട്. ഒരുപാട് അഭിമാനം തോന്നുന്നു. കൂടുതല്‍ കാലം ഈ ക്ലബ്ബിന് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്.’ഡി ഗെയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടിവിയോട് അഭിപ്രായപ്പെട്ടു.
ഡി ഗെയയുടെ റെക്കോര്‍ഡിനൊപ്പം ആസ്റ്റണ്‍വില്ലയുമായുള്ള മത്സരവിജയത്തോടെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ മൂന്നിന് മുകളില്‍ ഗോളടിച്ചു ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.കൊറോണക്ക് ശേഷം മികച്ച പ്രകടനം കാഴ്ച വെക്കുന്ന യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക് വേണ്ടിയുള്ള കഠിനപരിശ്രമത്തിലാണ്.