അസാധ്യമായത് സംഭവിക്കുന്നു, ‘ഹോട്ട് ട്രോപ്പ്’ ആയി ഇന്ത്യന്‍ ക്ലബുകള്‍

ആറ് വര്‍ഷം മാത്രം പ്രായമുളള ഒരു ലീഗിന് സങ്കല്‍പിക്കാന്‍ ആകുന്നതിലും അപ്പുറമുളള കാര്യങ്ങളാണ് ഐഎസ്എല്ലിനെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ എ ലീഗിലെ മികച്ച താരങ്ങളുടെ ‘ഹോട്ട് ട്രോപ്പ്’ (പ്രിയപ്പെട്ട സ്ഥലം) ആയിട്ടാണ് ഐഎസ്എല്‍ ഇപ്പോള്‍ മാറുന്നത്.

നിരവധി ഓസീസ് സൂപ്പര്‍ താരങ്ങളാണ് ഇന്ത്യന്‍ ക്ലബുകളിലേക്ക് വരാന്‍ തയ്യാറായിരിക്കുന്നത്. ആദം ലെ ഫൊണ്ട്രെ, നിക്കോളാസ് ടോപോര്‍, , ആരോണ്‍ കാള്‍വര്‍, നിഗള്‍ ബൂഗാര്‍ഡ്, ജോയര്‍ ചെനേസ്, ബ്രഡന്‍ഇന്‍മാര്‍, ജോഷു ബ്രില്യന്റ്, ബെസാര്‍ ബൈരീഷ അടക്കം ഒരു ഡസനിലധികം സൂപ്പര്‍ താരങ്ങളാണ് ഇന്ത്യയിലേക്ക് തട്ടകം മാറ്റാന്‍ തയ്യാറെടുക്കുന്നത്. ഐഎസ്എല്‍ ക്ലബുകളും വളരെയധികം താല്‍പര്യമാണ് എ ലീഗ് താരങ്ങളെ സ്വന്തമാക്കാന്‍ പ്രകടിപ്പിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം മൂലമുളള സാമ്പത്തിക പ്രതിസന്ധിയാണ എ ലീഗില്‍ നിന്നും താരങ്ങള്‍ ഇന്ത്യയിലേക്ക് കൂടുമാറാന്‍ ആഗ്രഹിക്കുന്നതിന് പിന്നിലെ ഒന്നാമത്തെ കാരണം. കോവിഡ് മൂലം ഇതിനോടകം പതിനൊന്നോളം ക്ലബുകള്‍ താരങ്ങളുടെ പ്രതിഫലം അടക്കം വെട്ടികുറക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കോവിഡ് മൂലം ലീഗ് പാതിവഴിയില്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അത് മാത്രമല്ല താരങ്ങള്‍ ഇന്ത്യയിലേക്ക് കൂറുമാറുന്നതിന് പിന്നിലെ കാരണം. ജനങ്ങള്‍ക്കിടയില്‍ സാവധാനമെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ചെലുത്തുന്ന സ്വാധീനമാണ് ഇന്ത്യയെ ഈ സൂപ്പര്‍ താരങ്ങളുടെ ആകര്‍ഷക കേന്ദ്രമാക്കുന്നത്. മുന്‍ വെല്ലിംഗടണ്‍ ഫൊണിക്‌സ് താരങ്ങളായ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ഐഎസ്എല്ലിലേക്ക് കൂടുമാറിയതും ഇവിടെ കഴിവ് തെളിയിച്ചതും താരങ്ങളെ ഇന്ത്യയില്‍ ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇരുവര്‍ക്കും പൊന്നുംവിലയാണ് ഇന്ത്യന്‍ ക്ലബുകള്‍ ഇപ്പോള്‍ നല്‍കുന്നത്.

പണം മാത്രമല്ല ഇന്ത്യന്‍ ക്ലബുകളിലേക്ക് ഓസീസ് താരങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടത്. ഇന്ത്യയിലെ കളി അന്തരീക്ഷം താരങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നിറഞ്ഞ് കവിഞ്ഞ ഗ്യാലറിയും കളിക്കാര്‍ക്ക് കിട്ടുന്ന താരപരിവേശവുമെല്ലാം ഓസീസ് താരങ്ങളെ ഇന്ത്യയിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

റോയ് കൃഷ്ണയുടേയും വില്യംസിന്റേയുമെല്ലാം കരിയറില്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു അന്തരീക്ഷത്തില്‍ പന്തുതട്ടാനുളള ഭാഗ്യമുണ്ടായിട്ടില്ല. ആര്‍ത്തുവിളിക്കുന്ന നിറഞ്ഞ് കവിഞ്ഞ ഗ്യാലറിയില്‍ പന്തുതട്ടാനായതിന്റെ അത്ഭുതം താരങ്ങള്‍ പലപ്പോഴും പറയാറുണ്ട്. ഇതോടെ നിരവധി കളിക്കാരുടെ സിവികളാണ് ഐഎസ്എല്‍ ക്ലബുകളെ തേടിയെത്തുന്നത്. ഇത് വരുവര്‍ഷങ്ങളില്‍ ഐഎസ്എല്ലിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും കാരണമായി തീരും.

You Might Also Like