നിര്‍ണ്ണായക ഐപിഎല്‍ പ്രഖ്യാപനവുമായി വാര്‍ണര്‍

ഐപിഎല്ലിനെ കുറിച്ച് നിര്‍ണ്ണായക പ്രഖ്യാപനവുമായി ഡേവിഡ് വാര്‍ണര്‍. തന്റെ സണ്‍റൈസേഴ്‌സിലെ കാലം കഴിഞ്ഞുവെന്നാണ് അര്‍ത്ഥ ശങ്കയ്ക്കില്ലാത്ത വിധം ഡേവിഡ് വാര്‍ണര്‍ അറിയിച്ചിരിക്കുന്നത്. സെന്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു ഡേവിഡ് വാര്‍ണര്‍.

താന്‍ പുതിയ ഒരു തുടക്കം ആഗ്രഹിക്കുകയാണെന്നും ഐപിഎല്‍ മെഗാ ലേലത്തില്‍ തന്റെ പേര് നല്‍കുമെന്നും വാര്‍ണര്‍ വ്യക്തമാക്കി. അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നുണ്ട്. അഹമ്മദാബാദും ലഖ്‌നൗവുമാണത്. ഇതില്‍ ഏതെങ്കിലും ഒരു ടീമിന്റെ തലപ്പത്ത് വാര്‍ണര്‍ ഉണ്ടാകുമെന്നാണ് സൂചന.

മോശം ഫോമിനെത്തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്ക് ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

അതെസമയം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കായി വാര്‍ണര്‍ ഫോമലേക്ക് തിരിച്ചെത്തിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ 42 പന്തില്‍ 65 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. പത്ത് ഫോര്‍ അടക്കമാണ് വാര്‍ണറുടെ ഈ അര്‍ദ്ധ ശതകം.

മത്സര ശേഷം വാര്‍ണറെ കളിയിലെ താരമായും തിരഞ്ഞെടുത്തു. ബൗളര്‍മാര്‍ക്കെതിരെ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും അത് ചില ദിവസം ഫലിക്കില്ല ഇത്തവണ ഫലിച്ചുവെന്നും ആയിരുന്നു വാര്‍ണറുടെ മറുപടി.

സന്നാഹ മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിനെതിരെ റിവേഴ്‌സ് സ്വീപ് ശ്രമിച്ച് താന്‍ പുറത്തായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും എന്നാല്‍ താന്‍ ശ്രീലങ്കയ്‌ക്കെതിരെയും ആ ഷോട്ട് ശ്രമിച്ച് റണ്‍സ് കണ്ടെത്തിയെന്നുള്ളതില്‍ സന്തോഷമുണ്ടെന്നും ഡേവിഡ് വാര്‍ണര്‍ സൂചിപ്പിച്ചു. താന്‍ ഒരിക്കലും വിമര്‍ശകര്‍ക്ക് മറുപടി നല്‍കണമെന്ന് ചിന്തിച്ച് ബാറ്റ് വീശിയിട്ടില്ലെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.

You Might Also Like