‘ലിറ്റില്‍ മജീഷ്യന്‍’ ഇപിഎല്ലില്‍ നിന്ന് വിടവാങ്ങി, കണ്ണുനിറഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി

2019-20 പ്രീമിയർ ലീഗ് സീസൺ അവസാനിച്ചതോടെ മിഡ്‌ഫീൽഡ് മാന്ത്രികൻ ഡേവിഡ് സിൽവയുടെ മാഞ്ചസ്റ്റർ സിറ്റിയിലെ പത്തുവർഷത്തെ പ്രതിഭാസമ്പന്നമായ കരിയറിന് വിരാമമായിരിക്കുകയാണ്. നോർവിച്ച് സിറ്റിയുമായി നടന്ന ഈ സീസണിലെ അവസാനമത്സരം മറുപടിയില്ലാത്ത അഞ്ചു ഗോളിനാണ് സിറ്റി ജയിച്ചത്. 85-ാം മിനുട്ടിൽ ബെർണാഡോ സിൽവക്ക് പകരക്കാരനായി ഡേവിഡ് സിൽവ കളം വിടുന്ന നിമിഷങ്ങൾ വികാര നിർഭരമായിരുന്നു.
നിറഞ്ഞ കയ്യടികളോടെ കളം വിടുമ്പോൾ പത്തു വർഷത്തെ മാഞ്ചസ്റ്റർ സിറ്റിയിലെ കരിയറിൽ നാലു പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ടു എഫ്എ കപ്പുകളും അഞ്ചു ലീഗ് കപ്പുകളും ഈ മധ്യനിരതാരം നേടിയിട്ടുണ്ട്. ഇതു വരെ സിറ്റിക്ക് വേണ്ടി 309 മത്സരങ്ങളിൽ ബൂട്ടുകെട്ടാൻ സാധിച്ച സിൽവ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്.
2010ൽ ലാലിഗ ക്ലബ്ബായ വലൻസിയിൽ നിന്നാണ് ഡേവിഡ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തുന്നത്.ഇതുവരെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഏറ്റവും കൂടുതൽ വിജയങ്ങളും ഏറ്റവും കൂടുതൽ അസിസ്റ്റും സ്വന്തമാക്കിയിട്ടാണ് മുപ്പത്തിനാലുകാരൻ മധ്യനിരതാരം സിറ്റിയിൽ നിന്നും വിടവാങ്ങുന്നതെന്നതാണ് സിൽവയെ ഇതിഹാസസമാനനാക്കുന്നത്.
ഈ സീസണിലെ അവസാനത്തെ പ്രീമിയർലീഗ് മത്സരവും അവസാനിച്ചതോടെ ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളാണ് ഇനി സിൽവക്ക് ബാക്കി നിൽക്കുന്നത്. ഡേവിഡ് സിൽവക്ക് വേണ്ടി ചാമ്പ്യൻസ് ലീഗും നേടാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡിബ്രൂയ്നെയും സംഘവും. സിറ്റിക്കൊപ്പം ഇതു വരെ നേടിയിട്ടില്ലാത്ത ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടാനായാൽ സിൽവക്ക് ഈ സീസണിൽ മികച്ച ഒരു വിടവാങ്ങലിനുള്ള അവസരമായിരിക്കും അത്.