ലോകത്തെ ഏറ്റവും മികച്ച താരമായിരുന്നു അയാള്‍. മയക്കുമരുന്നും റിബല്‍ ടൂറൂം നശിപ്പിച്ച കരിയര്‍

ധനേഷ് ദാമോദരന്‍

ബ്രിഡ്ജ് ടൗണിലെ ടൂറിസ്റ്റ് ബീച്ചുകളില്‍ അലസമായി പാറിപ്പറക്കുന്ന മുടിയുമായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ഉന്മാദാവസ്ഥയില്‍ നടക്കുന്ന ആ ദരിദ്രനെ കണ്ടാല്‍ മാല്‍ക്കം മാര്‍ഷലും ജോയല്‍ ഗാര്‍നറും ഇങ്ങനെ പറഞ്ഞത് അയാളെ പറ്റി തന്നെയോ എന്ന് സംശയിച്ചു പോകും.

തന്റെ ബൗളിങ്ങിലെ അര്‍ദ്ധാവസരങ്ങള്‍ പോലും പാഴാക്കാത്ത വിക്കറ്റ് കീപ്പറെന്ന് മാര്‍ഷല്‍ വിശേഷിപ്പിച്ചപ്പോള്‍ തന്റെ ഡ്രീം ഇലവനിലെ വിക്കറ്റ് കീപ്പര്‍ എന്നാണ് ഗാര്‍നര്‍ അദ്ദേഹത്തെ പറ്റി പറഞ്ഞത് .വിന്‍ഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ജെഫ് ഡുജോണ്‍ വിശേഷിപ്പിച്ചത് തന്നെക്കാള്‍ എന്തുകൊണ്ടും മികച്ചവന്‍ എന്നാണ് .

പക്ഷേ അയാള്‍ ടെസ്റ്റ് കളിച്ചത് മൂന്നുവര്‍ഷം, വെറും 19 ടെസ്റ്റുകള്‍ മാത്രം. അയാളുടെ ഷോട്ടുകളില്‍ പ്രത്യേകിച്ച് കവര്‍ ഡ്രൈവറുകള്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസമായ എവര്‍ട്ടണ്‍ വീക്ക്‌സിനെ അനുസ്മരിപ്പിക്കുമായിരുന്നു . തുടര്‍ച്ചയായ 5 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ സെഞ്ചുറികള്‍ നേടി ഇന്നും ലോകറെക്കോര്‍ഡിന്റെ അധിപനായ എവര്‍ട്ടണ്‍ ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്ന് തന്റെ പേരിനെ ഇതിഹാസമാക്കിയപ്പോള്‍ പാരമ്പര്യവും കളി മികവും വേണ്ടുവോളം ഉണ്ടായിട്ടും സ്വന്തം കരിയറിനെ നശിപ്പിച്ചു കൊടിയ ദാരിദ്ര്യത്തിലേക്ക് പോയ കഥയാണ് മകന്‍ ഡേവിഡ് മുറെയുടേത് .

മുന്‍ഗാമിയായ ഡെറിക് മുറെയും പിന്‍ഗാമിയായ ജെഫ് ഡുജോണും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ ആയപ്പോള്‍ അവരോളം, ഒരു പക്ഷേ അവരെക്കാളും കഴിവ് സിരകളില്‍ സൂക്ഷിച്ച ഡേവിഡ് മുറെ പക്ഷേ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടതിന്റെ കാരണം മദ്യവും മയക്കുമരുന്നും അച്ചടക്കമില്ലായ്മയും ആയിരുന്നു.

പന്തിനെ ഗതികളെ കൃത്യമായി ഗണിക്കുവാനുള്ള കഴിവ്, ഇരുഭാഗത്തേക്കും അനായാസമായ ഡ്രൈവിംഗ് ,താഴ്ന്നു വരുന്ന ക്യാച്ചുകളെ സമര്‍ത്ഥമായി കയ്യിലൊതുക്കല്‍ ,ലെഗ് സൈഡില്‍ വരുന്ന അര്‍ദ്ധവസരങ്ങളെ ഒരു സര്‍ക്കസ് അഭ്യാസിയെ പോലെ റാഞ്ചല്‍ .വിക്കറ്റിന് പിന്നിലെ ഏറ്റവും മികച്ചവരിലൊരാള്‍ എന്ന് ഉറപ്പിച്ചു പറയുന്നതിനൊപ്പം ആക്രമണോത്സുകമായ ബാറ്റിംഗ് മുറെയുടെ അധികമേന്‍മയായിരുന്നു .

34 ഇന്നിംഗ്‌സുകളില്‍ 57 ക്യാച്ചുകള്‍ ,5 സ്റ്റംപിങ്ങുകളുമായി ആകെ 62 ഇരകളെ കയ്യിലൊതുക്കിയ ഡേവിഡ് മുറെയുടെ 1.82 ശരാശരിയേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ വിന്‍ഡീസ് കീപ്പര്‍മാര്‍ കോര്‍ട്ട്‌നി ബ്രൌണും ( 2.25) ഗാരി അലക്‌സാണ്ടറും( 1.91 ) മാത്രമാണ്. കൂടാതെ 19 ടെസ്റ്റുകളില്‍ 3 അര്‍ദ്ധ സെഞ്ച്വറിയടക്കം 601 റണ്‍സും .ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 114 മാച്ചുകളില്‍ 7 സെഞ്ചുറികള്‍ അടക്കം 4503 റണ്‍സ് നേടിയ മുറെയുടെ പുറത്താക്കല്‍ ശരാശരി 1.83 ആണ് .

1973 ല്‍ ഡെറിക്ക് മുറെക്ക് ബൈസ്റ്റാന്‍ഡര്‍ ആയി ഇംഗ്ലീഷ് പര്യടനത്തിന് പോയ ഡേവിഡ് മുറെ ടുര്‍ മാച്ചില്‍ കെന്റിനെതിരെ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ ആയി ഇറങ്ങുമ്പോള്‍ ടീം 104 റണ്‍സ് 5 വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു .എന്നാല്‍ മനോഹരമായി കളിച്ചു പുറത്താകാതെ 107 റണ്‍ നേടി തന്റെ ആദ്യ ഫസ്റ്റ് ക്‌ളാസ് സെഞ്ചുറി നേടിയ മുറെ ആ ടൂറില്‍ 385 റണ്‍സുകളും 36 ഇരകളെയും നേടിതോടെയാണ് ഓവലില്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്. മൂന്നാമത്തെ മാച്ചില്‍ തന്നെ 35 റണ്‍സ് നേടി തന്നിലെ ബാറ്റിംഗ് പ്രതിഭ മുറെ തെളിയിച്ചു .ആകെ 10 ഏകദിനങ്ങളാണ് മുറെ കരിയറില്‍ കളിച്ചത് .

ശേഷം നടന്ന ആസ്‌ട്രേലിയന്‍ പര്യടത്തില്‍ വെസ്റ്റിന്‍ഡീസ് 5-1 ന് ദയനീയമായി പരാജയപ്പെട്ട പരമ്പരയില്‍ കിറ്റില്‍ നിന്നും മരിജുവാന കണ്ടെടുത്തതതിന്റെ പേരില്‍ കടുത്ത ശിക്ഷാനടപടികള്‍ മുറെക്ക് ലഭിക്കേണ്ടതായിരുന്നു . ടീമിലെ മുതിര്‍ന്ന അംഗം ലാന്‍ഡ് ഗിബ്‌സിന്റെ ഇടപെടലാണ് അന്ന് യുവതാരത്തെ രക്ഷിച്ചത് .

1978 ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിന്റെ ഭാഗമായി ഡേവിഡ് മുറെ അടക്കമുള്ള തന്റെ ടീമിലെ പ്രമുഖ കളിക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നായകന്‍ ക്ലൈവ് ലോയ്ഡ് മാറിനിന്നപ്പോള്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ 5 അരങ്ങേറ്റക്കാര്‍ക്കൊപ്പം മുറി ഒഴിവാക്കി ഡേവിഡ് മുറെയും ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു . ബാറ്റിംഗില്‍ 21 ഉം 16 ഉം മാത്രം നേടി പരാജയമായിരുന്നെങ്കിലും രണ്ട് ടെസ്റ്റുകളിലായി 8 പുറത്താക്കലുകള്‍ നടത്തി വിക്കറ്റിന് പിന്നില്‍ തിളങ്ങി.

തുടര്‍ന്നു നടന്ന ഇന്ത്യ, പാകിസ്ഥാന്‍ ടൂറിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ഡേവിഡ് മുറെ തന്നെയായിരുന്നു.ഇന്ത്യക്കെതിരായ 6 ടെസ്റ്റ് പരമ്പര 1-0 ന് വിന്‍ഡീസ് പരാജയപ്പെട്ടുവെങ്കിലും വിക്കറ്റിന് മുന്നിലും പിന്നിലും തിളക്കമാര്‍ന്ന പ്രകടനമാണ് മുറെ നടത്തിയത് .വാംഖഡെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ചന്ദ്രശേഖരറിന്റെ പന്തില്‍ ഘആണ ആയി പുറത്താക്കുന്നതിനു മുമ്പ് മുറെ നേടിയത് 84 റണ്‍സായിരുന്നു. കൂടാതെ 3 ക്യാച്ചുകളും .

എന്നാല്‍ അതിനിടയിലും മയക്കുമരുന്നിനടുള്ള ആസക്തിയില്‍ അയാള്‍ മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം ആഫ്രിക്കന്‍ മരിജുവാനയും ,കൊക്കെയ്‌നും സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു .പക്ഷെ മയക്കുമരുന്നുകളെ ഉപയോഗം അയാളുടെ പ്രകടനങ്ങളെ ബാധിച്ചതേയില്ല .ജംഷഡ്പൂരില്‍ ഈസ്റ്റ് സോണിനെതിരെ സന്നാഹ മാച്ചില്‍ 44 ന് 3 എന്ന നിലയില്‍ ക്രീസിലെത്തിയ മുറെയുടെ ഒരു കടന്നാക്രമണം കണ്ടു .അന്ന് പുറത്താകാതെ മുറെ 206 റണ്‍സടിച്ചപ്പോള്‍ ടീം നേടിയത് 4 വിക്കറ്റിന് 500 റണ്‍സ് . അന്ന് 20കാരനായ മാര്‍ഷല്‍ 11 വിക്കറ്റുകളുമായി ആയി ഉറഞ്ഞുതുള്ളിയപ്പോള്‍ ടീം ഇന്നിങ്ങ്‌സ് വിജയം നേടി .

ആ മാച്ചിന് തൊട്ടു പിന്നാലെ നടന്ന മൂന്നാം ടെസ്റ്റില്‍ ഈഡനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുറെ നേടിയ 66 റണ്‍സ് ടീമിന് നിര്‍ണായക സമനില നേടിക്കൊടുത്തു അന്ന് രണ്ടിന്നിങ്ങ്‌സിലും മുറെയെ പുറത്താക്കിയത് വെങ്കിട്ടരാഘവനായിരുന്നു . ഇന്ത്യന്‍ പര്യടനത്തില്‍ 261 റണ്‍സും 17 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായി മുറെ ബഹുദൂരം മുന്നിലായിരുന്നു.

അതിനുശേഷം നടന്ന പാക്കിസ്ഥാന്‍ പര്യടനത്തിലും മുറെ സ്ഥിരത നിലനിര്‍ത്തി . വെസ്റ്റിന്‍ഡീസ് 1-0 ന് വിജയിച്ച പരമ്പരയില്‍ 4 ടെസ്റ്റുകളിലായി 142 റണ്‍സും 10 പുറത്താക്കലുകളും .ലാഹോറില്‍ നേടിയ 50 റണ്‍സും കറാച്ചിയിലെ 42 റണ്‍സും വേറിട്ടു നിന്നു .

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 13 കാച്ചുകളുമായി മുറെ കളം നിറഞ്ഞ പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് വിജയിച്ചത് 3-0 നായിരുന്നു .

ഡെറിക് മുറെയുടെ റിട്ടയര്‍മെന്റ് ഡേവിഡ് മുറെയെ ടീമിലെ സ്ഥിര സാന്നിധ്യമാക്കി .ആ സമയത്ത് മുറെയുടെ ഡെപ്യൂട്ടി ആയാണ് ജെഫ് ഡുജോണ്‍ ടീമിലേക്ക് വരുന്നത് . ആഭ്യന്ത ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡുജോണിനെ 1981 ല്‍ ആസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായി കളിപ്പിച്ചു . അഡലെയ്ഡ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 41 റണ്‍സ് നേടിയ ഡുജോണ്‍ രണ്ടാമിന്നിംഗ്‌സില്‍ 42 റണ്‍സ്സുമായി ടോപ് സ്‌കോറര്‍ ആയപ്പോള്‍ വിക്കറ്റിനു പിറകില്‍ 9 കാച്ചുകളുമായി വെസ്റ്റിന്‍ഡീസ് റെക്കോര്‍ഡ് സ്ഥാപിച്ചായിരുന്നു മുറെയുടെ മറുപടി . എങ്കിലും വിന്‍ഡീസിന്റെ 15 തുടര്‍ വിജയങ്ങളുടെ പരമ്പര ആ മാച്ചില്‍ ആസ്‌ട്രേലിയ അവസാനിപ്പിച്ചത് വഴിയാണ് ടെസ്റ്റ് ചരിത്രത്തില്‍ ഇടം നേടിയത് .

അടുത്ത ടെസ്റ്റിലും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി കളിച്ചുകൊണ്ട് 44 ഉം 48 ഉം റണ്‍ നേടി ഡുജോണ്‍ ടീമിലെ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചപ്പോള്‍ ബാറ്റിംഗില്‍ 13 ഉം 1 ഉം റണ്‍സ് നേടാനെ മുറെക്ക് പറ്റിയുള്ളൂ .അതോടെ ആസ്‌ട്രേലിയയും പാകിസ്ഥാനും ഉള്‍പ്പെട്ട ഏകദിന ടൂര്‍ണമെന്റിലേക്ക് വിക്കറ്റ് കീപ്പറായി ഡുജോണിനെ തെരഞ്ഞെടുത്തു . വിരലിന് പരിക്കുപറ്റിയിട്ടും തന്റെ ടീമിലെ സ്ഥാനം നില്‍ക്കുന്ന വേണ്ടി ടെസ്റ്റില്‍ സാഹസം നടത്തിയിട്ടും ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടത് മുറെയെ മുറിവേല്‍പ്പിച്ചു. വെള്ളം കൊടുക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് പിന്‍മാറിയ മുറെ പിന്നീടൊരിക്കലും വെസ്റ്റിന്‍ഡീസിന് വേണ്ടി ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചില്ല .ആദ്യന്തര ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നിലും മുന്നിലും തിളങ്ങിയെങ്കിലും അപ്പോഴേക്കും ഡുജോണ്‍ മികവിന്റെ പാരതമ്യത്തില്‍ എത്തിയിരുന്നു .

മയക്കുമരുന്നുകള്‍ ഭാഗികമായി നശിപ്പിച്ച മുറെയുടെ ജീവിതത്തില്‍ സമ്പൂര്‍ണ്ണ നാശം സംഭവിച്ചത് കരിയറിലെ അവസാന ഘട്ടത്തിലെത്തിയ കാളിചരണ്‍, ലോറന്‍സ് റോ ,കോളിന്‍ ക്രോഫ്റ്റ് തുടങ്ങിയ പ്രമുഖരോടൊപ്പം
അടുത്ത സീസണില്‍ സൗത്താഫ്രിക്കയില്‍ നടത്തിയ ആയിരുന്നു റിബല്‍ ടൂറോടെ ആയിരുന്നു . 9 മാച്ചുകളില്‍ 347 റണ്‍സും 38 കാച്ചുകളുമായി മുറെ തിളങ്ങിയെങ്കിലും ടൂറില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി . തനിക്കിനി വെസ്റ്റിന്‍ഡീസ് ജേഴ്‌സി ഒരിക്കലും അണിയാന്‍ പറ്റില്ലെന്ന് ലോറന്‍സ് റോ ആ ടൂറിലെ ആദ്യ പന്തെറിയും മുന്‍പ് തമാശയായി പറഞ്ഞിരുന്നു.

ചതിയരെന്ന് മുദ്ര കുത്തപ്പെട്ടതോടെ പ്രതിഷേധത്തെ ഭയന്ന് നാട്ടിലേക്ക് വരാതിരുന്ന മുറെയും കുടുംബവും 1991 വരെയും ഓസ്‌ട്രേലിയയിലാണ് താമസിച്ചത്. 1989 ല്‍ വിലക്ക് ഒഴിവായി 1991 ല്‍ വീണ്ടും സ്വന്തം നാടായ ബാര്‍ബഡോസിലേക്ക് തിരിച്ചെത്തിയെങ്കിലും ടൗണിലേക്ക് നാട്ടുകാര്‍ക്ക് മുറെ ഒരു ചതിയന്‍ തന്നെ ആയിരുന്നു. 11 -12 വയസ്സുള്ളപ്പോള്‍ സിഗരറ്റില്‍ തുടങ്ങി പിന്നീട് മരിജുവാനയിലേക്കും ഒടുവില്‍ കൊക്കയിനിലേക്കും അടിമപ്പെട്ട റെയുടെ പിന്നീടുള്ള ജീവിതം ഒരു ദരിദ്രന്റതായിരുന്നു .മകന്‍ റിക്കി ഹോയ്‌റ്റെ അച്ഛനെപ്പോലെ ഒരു വിക്കറ്റ് കീപ്പറായിരുന്നു .1990 മുതല്‍ 99 വരെയുള്ള കാലയളവില്‍ ഫസ്റ്റ് ക്‌ളാസ് മത്സരം കളിക്കുകയുണ്ടായി .

കരിയറില്‍ അച്ചടക്കം എത്രമാത്രം പ്രധാനമാണ് എന്നതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമായി ഡേവിഡ് മുറെയുടെ ജീവിതത്തെ ചൂണ്ടിക്കാണിക്കാം.

മെയ് 29 അദ്ദേഹത്തിന്റെ ജന്‍മദിനമാണ് …

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like