കരയുന്ന ചിത്രം പരസ്യത്തിൽ ഉപയോഗിച്ചു, നിയമയുദ്ധം ജയിച്ച് ഡേവിഡ് ലൂയിസ്

തന്റെ അനുവാദമില്ലാതെ താൻ കരയുന്ന ചിത്രം പരസ്യത്തിന് വേണ്ടി ഉപയോഗിച്ച നിർമാണകമ്പനിക്കെതിരെ നിയമയുദ്ധം വിജയിച്ച് ആഴ്‌സണലിന്റെ ബ്രസീലിയൻ സൂപ്പർ താരം ഡേവിഡ് ലൂയിസ്. ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

2014-ലെ വേൾഡ് കപ്പ് സെമി ഫൈനലിൽ ജർമനിയോട് 7-1 എന്ന സ്കോറിന് വമ്പൻ പരാജയം ഏറ്റുവാങ്ങിയ ശേഷം വിതുമ്പുന്ന ലൂയിസിന്റെ ചിത്രമാണ് ഒരു നിർമ്മാണകമ്പനി പരസ്യത്തിനായി ഉപയോഗിച്ചത്. അത് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ആയിരുന്നു.

താരത്തെ പരിഹസിക്കുന്ന രീതിയിലുള്ള പരസ്യവാചകവും കൂടെ നിർമ്മാണകമ്പനി നൽകിയിരുന്നു. ഇതോടെ ഡേവിഡ് ലൂയിസ് നിയമപരമായി നീങ്ങുകയും തുടർന്ന് വിധി ലൂയിസിന് അനുകൂലമായി വരികയും ചെയ്തു.വിധി പ്രകാരം 4400 പൗണ്ട് നഷ്ടപരിഹാരമായി കമ്പനി ഡേവിഡ് ലൂയിസിന് നൽകണം.

ലൂയിസിന്റെ ചിത്രം ഉപയോഗിച്ച വീമേക്ക് നിർമാണകമ്പനിയുടെ പരസ്യവാചകം ഇങ്ങനെയായിരുന്നു . “എനിക്ക് എന്റെ ആളുകളെ സന്തോഷവാൻമാരാക്കാനാണ് ആഗ്രഹം. എന്നാൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ വേണ്ടി പ്രൊഫഷണൽ അല്ലാത്തവരെയാണ് നിങ്ങൾ ഏൽപ്പിക്കുന്നതെങ്കിൽ അത് ആ സ്വപ്നത്തെ തകർക്കും. അതൊരു 7-1 ആയിത്തീരും. “ഇതായിരുന്നു പരസ്യവാചകം. ഇതോടെ അദ്ദേഹം കേസ് നൽകുകയായിരുന്നു

You Might Also Like