ആരും വാങ്ങാത്ത നിരാശയില്‍ ഉറങ്ങാന്‍ പോയി, എഴുന്നേറ്റപ്പോള്‍ അതാ രാജസ്ഥാന്‍ റോയല്‍സില്‍

Image 3
CricketIPL

ഐപിഎല്‍ താര ലേലത്തില്‍ വ്യത്യസ്ത അനുഭവത്തിലൂടെ കടന്ന് പോയ താരമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ന്യൂസിലന്‍ഡ് താരം ഡാരിന്‍ മിച്ചല്‍. ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ലെന്ന് കണ്ട് ലൈവായി ലേലം കണ്ടിരുന്ന താരം അതു മതിയാക്കി ഉറങ്ങാന്‍ പോയി.

പിറ്റേ ദിവസം ഉണര്‍ന്നപ്പോള്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ വിവരമാണ് അറിഞ്ഞത്! ആദ്യ ഘട്ടത്തില്‍ ആരും വിളിക്കാതിരുന്ന ഡാരില്‍ മിച്ചലിനെ, ലേലത്തിന്റെ അവസാന ഘട്ടത്തിലാണ് അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതിരുന്നതോടെ ഇത്തവണയും ഐപിഎലില്‍ കളിക്കാനാകില്ലെന്ന് ഉറപ്പിച്ച് നിരാശനായാണ് മിച്ചല്‍ ഉറങ്ങാന്‍ പോയത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് പങ്കുവച്ച വീഡിയോയിലാണ് ആരും വാങ്ങില്ലെന്ന് ഉറപ്പിച്ചിടത്തു നിന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായി മാറിയ കഥ താരം പങ്കുവച്ചത്.

‘ഇത്തവണ ഐപിഎലിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചത് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ഐപിഎല്‍ താര ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ ലേല നടപടികളുടെ ലൈവ് ശ്രദ്ധിച്ചിരുന്നു. ഞാനും ഭാര്യയും കുറച്ചുനേരം ലേലം കാണുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ എന്റെ പേര് വിളിച്ചപ്പോള്‍ ആരും വാങ്ങിയില്ല. അതോടെ ഐപിഎല്‍ പ്രതീക്ഷ പൊലിഞ്ഞെന്ന് ഉറപ്പിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ പോയി’.

‘പക്ഷേ രാവിലെ എഴുന്നേറ്റപ്പോള്‍ കേട്ട വാര്‍ത്ത തികച്ചും അപ്രതീക്ഷിതമായിരുന്നു. അപ്പോള്‍ മാത്രമാണ് എന്നെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയ വിവരം അറിഞ്ഞത്. എന്തായാലും ഇത്തവണ ഐപിഎലിന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ് ഞാന്‍. അത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടി20 ലീഗാണത്. അവിടെ ഒരുപിടി ലോകോത്തര താരങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് വ്യക്തിപരമായി എന്റെ പ്രകടനവും മെച്ചപ്പെടുത്തുമെന്ന് ഉറപ്പുണ്ട്’ മിച്ചല്‍ വ്യക്തമാക്കി.