ടീം ഇന്ത്യ ഐതിഹാസികം; പ്രശംസ കൊണ്ട് മൂടി ഇംഗ്ലീഷ് താരം

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ തിരിച്ചുവരവിന് ശേഷം ടീം ഇന്ത്യയെ പ്രശംസ കൊണ്ട് മൂടി മുൻ ഇംഗ്ലീഷ് പേസർ ഡാരൻ ഗഫ്. ക്രിക്കറ് ലോകത്തെ ഒരുകാലത്ത് ഏകപക്ഷീയമായി ഭരിച്ച ഓസീസ് ടീമുമായുള്ള താരതമ്യത്തിലൂടെ വർത്തമാന കാലത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് നിര ടീം ഇന്ത്യ തന്നെയാണ് എന്ന് അടിവരയിടുകയാണ് ഇംഗ്ലീഷ് ഇതിഹാസം.

തൊണ്ണൂറുകളിലെ ഓസീസ് ടീമിന് സമാനമായാണ് ഇന്ത്യൻ ടീമിന്റെ ചിന്താഗതിയെന്നും, എതിർ ടീമിനെ വരിഞ്ഞു മുറുക്കി വിജയം നേടിയെടുക്കുന്നതാണ് ടീം ഇന്ത്യയുടെ ശൈലിയെന്നും ഗഫ്‌ പറയുന്നു.

ആദ്യ മത്സരത്തിലെ ദയനീയ പരാജയത്തിന് ശേഷം ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ട് ജയങ്ങളോടെ 2 – 1 എന്ന നിലയിൽ ലീഡിലാണ് ഇന്ത്യ. ഇതോടെ അടുത്താഴ്ച നടക്കുന്ന അവസാന ടെസ്റ്റിൽ ജയിക്കാനായില്ലെങ്കിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിക്കും.

എന്നാൽ, അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിനുള്ള സാധ്യതകൾ കുറവാണെന്നാണ് ഗഫിന്റെ അഭിപ്രായം. തുടർച്ചയായ തോൽവികൾ ഇംഗ്ലീഷ് താരങ്ങളുടെ മനോവീര്യം തകർത്തുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. റൊട്ടേഷൻ സമ്പ്രദായം മൂലം മോശം ടീം സെലക്ഷനാണ് പരാജയത്തിന് കാരണമായത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് പേസർമാരുമായി കളിക്കാൻ ഇറങ്ങിയതിനെയും ഗഫ്‌ വിമർശിച്ചു.