രോഹിത്ത് ഓപ്പണിംഗ് സ്ഥാനത്ത് നിന്നും പിന്മാറണം, നിര്‍ണ്ണായക ആവശ്യം ഉയരുന്നു

ടി20 ലോകകപ്പിന് മുമ്പ് അതിന്റെ റിഹേഴ്‌സലെന്നോണം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന്റെ ആഘാതത്തിലാണ് ടീം ഇന്ത്യ. ഇതോടെ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.

മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ആ സ്ഥാനത്ത് നിന്നും മാറണമെന്നാണ് കനേരിയ പറയുന്നത്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയിട്ടും 9 പന്തില്‍ 11 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഓപ്പണിംഗില്‍ നിന്ന് മാറി മൂന്നാം നമ്പറിലേക്ക് ഇറങ്ങാന്‍ രോഹിത് സ്വയം തയ്യാറാകണമെന്ന് കനേറിയ ആവശ്യപ്പെട്ടു.

‘രോഹിത് ശര്‍മ്മ ആവശ്യത്തിന് റണ്‍സ് കണ്ടെത്തുന്നില്ല. അത് ഏഷ്യാ കപ്പിലും നാം കണ്ടതാണ്. മികച്ച തുടക്കം കിട്ടുന്നു, പക്ഷേ വമ്പന്‍ ഇന്നിംഗ്സുകളാക്കി മാറ്റാനാകുന്നില്ല. മൂന്നാം നമ്പറിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് രോഹിത് ശര്‍മ്മ സ്വയം ചിന്തിക്കണം. വിരാട് കോഹ്ലി ഓപ്പണറാവട്ടെ. അല്ലെങ്കില്‍ വിരാടിനെയും രോഹിത്തിനേയും ഓപ്പണറാക്കി മൂന്നാം നമ്പറിലിറങ്ങാന്‍ കെ എല്‍ രാഹുലിനോട് ആവശ്യപ്പെടണം’ ഡാനിഷ് കനേറിയ പറഞ്ഞു.

ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ ഓപ്പണറായി ഇറങ്ങിയ കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കനേരിയ ഇക്കാര്യം ആവശ്യപ്പെടുന്നത്.

മൊഹാലിയില്‍ നടന്ന ഇന്ത്യക്കെതിരായ ആദ്യ ടി20 ഓസീസ് നാല് വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് അവശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് സ്വന്തമാക്കിയത്.

You Might Also Like