ടീം ഇന്ത്യയുടെ നായകന്‍ സഞ്ജുവാകണം, മലയാളി താരത്തിനായി മുറിവിളിയുമായി ആ സൂപ്പര്‍ താരം

Image 3
CricketTeam India

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കണമെന്ന് പാക് താരം ഡാനിഷ് കനേരിയ. ശിഖര്‍ ധവാന്‍ സീനിയര്‍ താരമാണെങ്കിലും കോഹ്ലിക്ക് ശേഷം ഇന്ത്യയെ ദീര്‍ഘകാലം നയിക്കാന്‍ ഒരാള്‍ വേണം എന്നത് കണക്കിലെടുത്ത് സഞ്ജുവിനെ നായകനാക്കുന്നതാകും ഇന്ത്യയ്ക്ക് നന്നാകുകയെന്നാണ് കനേരിയ പറയുന്നത്.

‘ഏകദിനത്തിലും ടി20 യിലും സീനിയര്‍ താരമാണ് ശിഖര്‍ ധവാന്‍. എന്നിരുന്നാലും, ഭാവിയില്‍ ഇന്ത്യയെ നയിക്കാനുള്ള ദീര്‍ഘകാല ഓപ്ഷനാണോ അദ്ദേഹം? അതോ സ്വയം മുന്നോട്ട് പോകാന്‍ സാംസണിന് സമയവും അവസരവും നല്‍കുമോ? അതോ ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനാകുമോ? ഇതെല്ലാം കഠിനമായ ചോദ്യങ്ങളാണ്. ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനെ നായകനാക്കണമെന്നാണ് എന്റെ അഭിപ്രായം’ കനേരിയ പറഞ്ഞു.

ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ യോഗ്യന്‍ സഞ്ജു സാംസണാണ് എന്നാണ് കനേരിയ പറയുന്നത്. ഭാവിയില്‍ വിരാട് കോഹ്ലി നായകസ്ഥാനം ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്താന്‍ കഴിവുള്ളവര്‍ എപ്പോഴും അതിനായി തയ്യാറായിരിക്കണമെന്നും അത് മുന്നില്‍ കണ്ട് സഞ്ജുവിനെ നായകനാക്കണമെന്നുമാണ് കനേരിയ അഭിപ്രായപ്പെട്ടിരിക്കുന്നത്.

മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് ടി20 മത്സരങ്ങളുമാകും ജൂലൈയില്‍ ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചയ്യ്ക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 22 ന് ആരംഭിക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തിലാവും നടക്കുക.