ഡെസ്റ്റിനു കൗതുകകരമായ ഉപദേശവുമായി ഡാനി ആൽവസ്, ബാഴ്സയിൽ താരത്തിനു വിജയിക്കാനാവുമെന്ന് ആൽവസ്

നിലവിൽ ബാഴ്സ ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് ഡാനി ആൽവസും മെസിയെയും പോലുള്ള ഒരു മികച്ച കൂട്ടുകെട്ട്. ആൽവസ് ബാഴ്‌സ വിട്ടതിനു ശേഷം അത്തരത്തിലൊരു മികച്ച കൂട്ടുകെട്ട് ബാഴ്സയിൽ ഇതുവരെ വലതുവിങ്ങിൽ ഉണ്ടായിട്ടില്ല. സെർജിയോ റോബർട്ടോ ഒരു പരിധി വരെ ആ വിടവ് നികത്താൻ ശ്രമിച്ചെങ്കിലും കൂടുതൽ ഫലപ്രദമാണെന്ന് പറയാനാവില്ല.
പുതിയതായി ബാഴ്സയിലെത്തിയ അമേരിക്കൻ താരം സെർജിനോ ഡെസ്റ്റ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും മെസിയുമായി ഇണങ്ങിചേരാനുള്ള അവസരങ്ങൾ താരത്തിനു ലഭിച്ചിട്ടില്ല. എന്നാൽ ഡെസ്റ്റിനു ഡാനി ആൽവസ് തന്നെ എളുപ്പത്തിൽ നടപ്പിൽ വരുത്താവുന്ന ഒരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.
🗣️ Dani Alves: "If I have to give Dest advice, it's very simple: pass the ball to Messi!" 🤣
— GOAL (@goal) November 6, 2020
[RAC 1] pic.twitter.com/iirmWjkLAc
കാറ്റാലൻ മാധ്യമമായ റാക് വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഡാനി ആൽവസ് മനസു തുറന്നത്. “സെർജിനോ ഡെസ്റ്റിനു നൽകാനുള്ള ഒരു ഉപദേശം എന്നോട് ചോദിക്കുകയാണെങ്കിൽ അത് വളരെ എളുപ്പമുള്ള കാര്യമാണ്. മെസിക്ക് പാസ്സ് ചെയ്യുക. സെർജിനോ ഡെസ്റ്റിനു ബാഴ്സയിൽ വിജയമാവാൻ ഒരുപാട് കഴിവുകളുള്ള താരമാണ്. എനിക്കൊരു താരതമ്യം നടത്താൻ താത്പര്യമില്ല. കഫുവുമായി എന്നെ താരതമ്യപ്പെടുത്തിയിരുന്നു. അതൊട്ടും യുക്തിപരമല്ല.” ആൽവസ് വെളിപ്പെടുത്തി.
ആൽവസ് തന്റെ റോൾ മോഡലാണെന്നു ഡെസ്റ്റ് തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു. ആൽവസിന്റെ യുട്യൂബ് വീഡിയോകൾ കാണാറുണ്ടെന്നും താരത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും ഡെസ്റ്റ് വ്യക്തമാക്കി. ആൽവസിന്റെ സഹതാരങ്ങൾ ഇപ്പോഴും ബാഴ്സയിലുണ്ടെന്നും അവരിൽ നിന്നും കൂടുതൽ ഉപദേശങ്ങൾ സ്വീകരിക്കുമെന്നും ഡെസ്റ്റ് കൂട്ടിച്ചേർത്തു.