സൂപ്പര്‍ താരം ഐപിഎല്ലില്‍ നിന്നും പിന്മാറി, അമ്പരപ്പിക്കുന്ന പ്രഖ്യാപനം

ഐപിഎല്‍ 14ാം സീസണ്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ഇത്തവണ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി തന്റെ സേവനം ഉണ്ടാക്കിലെന്നും എന്നാല്‍ താന്‍ കളിയില്‍ നിന്ന് വിരമിക്കുകയില്ലെന്നും വെറ്ററല്‍ താരം പറഞ്ഞു.

ഐപിഎല്‍ നടക്കുന്ന സമയത്ത് കളിയില്‍ നിന്ന് മാറി നില്‍ക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും തന്റെ തീരുമാനം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊണ്ട ബംഗളൂരു മാനേജുമെന്റിന് താന്‍ നന്ദി പറയുന്നതായും സ്റ്റെയിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സ്റ്റെയ്ന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ഈ വര്‍ഷം ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കാന്‍ ഞാന്‍ ഉണ്ടാവില്ലെന്ന് എല്ലാവരേയും അറിയിക്കുകയാണ്. മറ്റൊരു ടീമിന് വേണ്ടി കളിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ സമയം കളിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കാര്യങ്ങള്‍ മനസിലാക്കിയതിന് ആര്‍സിബിക്ക് നന്ദിട സ്റ്റെയ്ന്‍ കുറിച്ചു.

അതെസമയം മറ്റ് ലീഗുകളില്‍ കളിച്ചേക്കുമെന്ന സൂചനയും സ്റ്റെയ്ന്‍ നല്‍കി. എന്തെങ്കിലും ചെയ്യാന്‍ എനിക്ക് അവസരം ലഭിക്കുന്ന ക്ലബിന് വേണ്ടി, താന്‍ ഇഷ്ടപ്പെടുന്ന കളി തുടരുമെന്നാണ് സ്റ്റെയ്ന്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് സ്റ്റെയ്ന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 439 വിക്കറ്റുകളാണ് സ്റ്റെയ്ന്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ വീഴ്ത്തിയത്. ഐസിസിയുടെ ദശകത്തിലെ ടെസ്റ്റ് ടീമില്‍ സ്റ്റെയ്ന്‍ ഇടം നേടുകയും ചെയ്തിരുന്നു.

എന്നാല്‍ 2020 ഐപിഎല്ലില്‍ മികവ് കാണിക്കാന്‍ സ്റ്റെയ്നിന് കഴിഞ്ഞില്ല. മൂന്ന് മത്സരം മാത്രം കളിച്ച സ്റ്റെയ്നിന് ഒരു വിക്കറ്റാണ് വീഴ്ത്താനായത്. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 97 വിക്കറ്റാണ് സ്റ്റെയ്നിന്റെ പേരിലുള്ളത്.

You Might Also Like