ധവാന്‍ സിഎസ്‌കേയിലേക്ക്, കൂട്ടിന് നിരവധി ഇടംകൈയ്യന്മാര്‍, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മെഗാ ലേലത്തില്‍ ശിഖര്‍ ധവാനെ സ്വന്തമാക്കിയേക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രണ്ടോ മൂന്നോ കോടി രൂപയ്ക്കായിരിക്കും ധവാനെ ചെന്നൈ ടീമിലെത്തിക്കുകയെന്നാണ് ചോപ്രച നിരീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു ധവാന്‍. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തെ ഡിസി കൈവിടുകയായിരുന്നു. 587 റണ്‍സാണ് ധവാന്‍ കഴിഞ്ഞ സീസണില്‍ അടിച്ചെടുത്തത്.
ഫഫ് ഡുപ്ലെസിയെ തിരിച്ചുകൊണ്ടു വരാനായില്ലെങ്കില്‍ ശിഖര്‍ ധവാനോ രണ്ടോ, മൂന്നോ കോടിക്കു സിഎസ്‌കെ വാങ്ങും. ധവാനെ ടീമിലെത്തിക്കാന്‍ 100 ശതമാനവും അവര്‍ ആഗ്രഹിക്കുന്നുണ്ടാവും. ധവാന്‍- റുതുരാജ്, ഇടംകൈ- വലംകൈ ഓപ്പണിങ് കോമ്പിനേഷന്‍ ഗംഭീരമായിരിക്കും. എന്തു വില കൊടുത്തു ഡുപ്ലെസിയെ തിരികെ വാങ്ങാന്‍ സിഎസ്‌കെ ശ്രമിക്കുമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
ചില ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെയും സിഎസ്‌കെ ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് ആകാശ് ചോപ്ര പറയുന്നു. ഇടംകൈയന്‍മാരില്‍ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹമാന്‍, ഇന്ത്യയുടെ ടി നടരാജന്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ഒബെഡ് മക്കോയ് എന്നിവരായിരിക്കും ചെന്നൈയുടെ സാധ്യതാ ലിസ്റ്റിലുണ്ടാവുക.
ഒരുപാട് ഇടംകൈയന്മാരില്ല. അതുകൊണ്ടു തന്നെ ലഭ്യമായവര്‍ക്കു പിറകെ സിഎസ്‌കെയുണ്ടാവും. ചിലപ്പോള്‍ ഇംഗ്ലണ്ടിന്റെ ടൈമല്‍ മില്‍സിനെയും സിഎസ്‌കെ നോട്ടമിട്ടേക്കുമെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.