സാമും താഹിറും ഇല്ലായിരുന്നെങ്കില്‍, ചെന്നൈ രക്ഷപ്പെട്ടത് വന്‍ നാണക്കേടില്‍ നിന്ന്
ഐപിഎല്ലില്‍ മോശം പ്രകടനം ആവര്‍ത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കേവലം 115 റണ്‍സിനാണ് ധോണിപ്പട തകര്‍ന്നടിച്ചത്. ഒറ്റയാള്‍ പോരാട്ടം നടത്തിയ സാം കറനാണ് വലിയ നാണക്കേടില്‍ നിന്ന ചെന്നൈയെ കാത്തിരിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുംബൈയുടെ ഗംഭീര ബൗളിംഗ് പ്രകടനത്തിനു മുന്നില്‍ അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു. 52 റണ്‍സെടുത്ത സാം കറന്റെ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ ചെന്നൈ അന്‍പത് കടക്കുമായിരുന്നോ എന്ന് തന്നെ കാത്തിരുന്ന് കാണേണ്ടി വന്നേനെ. പത്താമനായി ഇറങ്ങിയ ഇമ്രാന്‍ താഹിര്‍ 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മുംബൈക്കായി ട്രെന്റ് ബോള്‍ട്ട് (4), ജസ്പ്രീത് ബുംറ (2), രാഹുല്‍ ചഹാര്‍ (2), നതാന്‍ കോള്‍ട്ടര്‍നൈല്‍ (1) എന്നിവര്‍ വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ അവിശ്വസനീയ തകര്‍ച്ചയാണ് ഷാര്‍ജയില്‍ കാത്തിരുന്നത്. പുതിയ ഓപ്പണിംഗ് ജോഡിയെയാണ് അവര്‍ ഇന്ന് പരീക്ഷിച്ചത്. ജാദവിനു പകരം എത്തിയ ഋതുരാജ് ഗെയ്ക്വാദ് ആണ് ഡുപ്ലെസിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍, ആദ്യ ഓവറില്‍ തന്നെ ആ പരീക്ഷണം തിരിച്ചടിച്ചു. അഞ്ചാം പന്തില്‍ ഗെയ്ക്വാദിനെ (0) ട്രെന്റ് ബോള്‍റ്റ് വിക്കറ്റിനു മുന്നില്‍ കുരുക്കി. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ റണ്‍സുകളൊന്നും പിറന്നിരുന്നില്ല.
റായുഡു (2), എന്‍ ജഗദീശന്‍ എന്നിവര്‍ (0) രണ്ടാം ഓവറില്‍ ബുംറയുടെ ഇരകളായി. റായുഡുവിനെ ഡികോക്കും ജഗദീശനെ സൂര്യകുമാര്‍ യാദവും പിടികൂടി. മൂന്നാം ഓവറില്‍ വീണ്ടും ബോള്‍ട്ട് ഒരു വിക്കറ്റ് കൂടി വീഴ്ത്തി. ഇത്തവണ ഫാഫ് ഡുപ്ലെസിയാണ് (1) പുറത്തായത്. ഡുപ്ലെസിയെ ഡികോക്ക് പിടികൂടുകയായിരുന്നു. ചെന്നൈക്ക് 3 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് 4 വിക്കറ്റുകള്‍.
അഞ്ചാം വിക്കറ്റില്‍ ജഡേജ-ധോണി സഖ്യത്തിന്റെ 18 റണ്‍സ് കൂട്ടുകെട്ട്. പവര്‍പ്ലേയുടെ അവസാന ഓവറില്‍ ജഡേജയെ (7) പുറത്താക്കിയ ബോള്‍ട്ട് ആ കൂട്ടുകെട്ടും പൊളിച്ചു. ബോള്‍ട്ടിനെതിരെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ജഡേജയെ കൃണാല്‍ പാണ്ഡ്യ പിടികൂടി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്റ്റത്തില്‍ 24 റണ്‍സ്. ഐപിഎല്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് പവര്‍പ്ലേയില്‍ ചെന്നൈക്ക് 5 വിക്കറ്റുകള്‍ നഷ്ടമാവുന്നത്.
ചില മികച്ച ഷോട്ടുകള്‍ സഹിതം ഒരു വശത്ത് ബാറ്റ് ചെയ്ത ധോണിയും (16) ധോണിക്ക് ശേഷം എത്തിയ ദീപക് ചഹാറും (0) രാഹുല്‍ ചഹാറിന്റെ ലെഗ് ബ്രേക്കിനു മുന്നില്‍ കീഴടങ്ങി. ധോണിയെ വിക്കറ്റിനു പിന്നില്‍ കൈപ്പിടിയിലൊതുക്കിയ ഡികോക്ക് ദീപക്കിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
എട്ടാം വിക്കറ്റില്‍ സാം കറന്‍-ശര്‍ദ്ദുല്‍ താക്കൂര്‍ സഖ്യം ഭേദപ്പെട്ട ഒരു കൂട്ടുകെട്ടിലൂടെ ചെന്നൈയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചെടുത്തു. 28 റണ്‍സാണ് ഇവര്‍ എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ശര്‍ദ്ദുല്‍ താക്കൂറിനെ (11) സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ച കോള്‍ട്ടര്‍നൈലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 9ആം വിക്കറ്റില്‍ താഹിര്‍-കറന്‍ സഖ്യവും നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ബുംറയെ അടക്കം ബുദ്ധിപരമായി നേരിട്ട ഈ സഖ്യമാണ് ചെന്നൈയെ 100 കടത്തിയത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍, 46 പന്തുകളില്‍ കറന്‍ ഫിഫ്റ്റി തികച്ചു. അവസാന പന്തില്‍ 52 റണ്‍സെടുത്ത താരത്തെ ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡാക്കി. താഹിര്‍ (13) പുറത്താവാതെ നിന്നു. താഹിര്‍-കറന്‍ സഖ്യം 9ആം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 43 റണ്‍സാണ് ചെന്നൈയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.