ഐപിഎല്‍ താരലേലം കാലിച്ചന്ത പോലെ. തുറന്നടിച്ച് റോബിന്‍ ഉത്തപ്പ

Image 3
CricketIPL

ഐപിഎല്‍ താരലേലത്തില്‍ കളിക്കരെ കാലിച്ചന്തയിലെ കാളകളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് തുറന്നടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോബിന്‍ ഉത്തപ്പ. അത് കളിക്കാര്‍ക്കും അവരുടെ മാനസികാരോഗ്യത്തിനും നല്ലതല്ലെന്നും റോബിന്‍ ഉത്തപ്പ പറയുന്നു. ന്യൂസ് ഒന്‍പതിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നതുപോലെയാണ് പലപ്പോഴും ലേലത്തിനായുള്ള കാത്തിരിപ്പ്. സത്യസന്ധമായി പറഞ്ഞാല്‍ കാലിച്ചന്ത പോലെ തന്നെയാണ് അത്. കളിക്കാരനെന്ന നിലയില്‍ ലേലത്തിന്റെ ഭാഗമാകുക എന്നത് അത്ര സന്തോഷകരമായ കാര്യമല്ല’ റോബിന്‍ ഉത്തപ്പ പറഞ്ഞു.

നേരത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ അടിസ്ഥാന വിലയായിരുന്ന രണ്ട് കോടി രൂപക്കാണ് ഉത്തപ്പയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയത്.

‘ചെന്നൈ പോലൊരു ടീമിനുവേണ്ടി കളിക്കാനാണ് ഞാന്‍ എക്കാലത്തും ആഗ്രഹിച്ചിരുന്നത്. ലേലം നടക്കുമ്പോള്‍ എന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥന ചെന്നൈ എന്നെ വീണ്ടും ടീമിലെടുക്കണേ എന്നത് മാത്രമായിരുന്നു. കാരണം ചെന്നൈ ടീമില്‍ നിന്ന് ലഭിക്കുന്ന സുരക്ഷിതത്വവും ബഹുമാനവും മറ്റെവിടെ നിന്നും ലഭിക്കില്ല. ടീം മാനേജ്‌മെന്റ് നമുക്ക് എന്തും ചെയ്യാനുള്ള പിന്തുണയാണ് നല്‍കുന്നത്’ റോബിന്‍ ഉത്തപ്പ തുറന്ന് പറഞ്ഞു.

‘താരലേലം എന്ന പരിപാടി കളിക്കാരെ സംബന്ധിച്ചിടത്തോളം ഒട്ടും ഗുണകരമായ ഏര്‍പ്പാടല്ല. അവിടെ കാലിച്ചന്തയിലെ കാളകളെപ്പോലെയാണ് കളിക്കാരെ കണക്കാക്കുന്നത്. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അങ്ങനെയൊക്കെയാണ്. എല്ലാത്തിനും വിലയിടുന്നവരാണ് ആരാധകര്‍. ലേലത്തില്‍ ഓരോ കളിക്കാരനും എത്ര പണം കിട്ടി എന്നതിനെക്കുറിച്ച് വരെ ചര്‍ച്ച ചെയ്യുകയും അഭിപ്രായം പറയുകയും ചെയ്യും. നിലവിലെ ലേലത്തിന്റെ രീതി മാറ്റി ബഹാന്യരായ കളിക്കാര്‍ക്ക് കുറച്ചു കൂടി പരിഗണന ലഭിക്കുന്ന രീതിയില്‍ ഭാവിയില്‍ നടപടികള്‍ ക്രമീകരിച്ചാല്‍ നല്ലതാവും. പലപ്പോഴും സീനീയര്‍ താരങ്ങളോ രാജ്യാന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളോ ഒക്കെ ലേല ടേബിളില്‍ വില്‍ക്കാ ചരക്കായി പോകാറുണ്ട്. അത് കളിക്കാരുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്നതാണ്’ റോബിന്‍ ഉത്തപ്പ പറഞ്ഞു.

എന്തുകൊണ്ടാണ് ഒരു കളിക്കാരന്‍ വില്‍ക്കപ്പെടാതെ പോയതെന്ന് ആര്‍ക്കും അറിയാനാവില്ല. ലേലത്തില്‍ തുടര്‍ച്ചയായി പങ്കെടുത്തിട്ടും തഴയപ്പെടുന്നവരുടെ കൂടെയാണ് എന്റെ മനസ്. പലപ്പോഴും ആദ്യം തഴഞ്ഞശേഷം ടീമുകള്‍ വീണ്ടും ടീമിലെടുക്കുമ്പോള്‍ കളിക്കാരനെന്ന നിലയില്‍ അയാള്‍ക്കായി ഒരു ടീം മുടക്കാന്‍ തയാറാകുന്ന തുകയാണ് അയാളുടെ മൂല്യമായി വിലയിരുത്തപ്പെടുന്നത് അത് ശരിയല്ല. അതുകൊണ്ട് കഴിഞ്ഞ 15 വര്‍ഷത്തെ അനുഭവം വെച്ചു പറയുകയാണ്, ലേലം നടപടികള്‍ പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും ഉത്തപ്പ പറഞ്ഞു.