ധോണിയുടെ ഗുഡ് ബുക്കില്‍ അയാള്‍ ഇടംപിടിയ്ക്കുമോ? തന്റെ ഊഴവും കാത്ത് അയാള്‍ ബെഞ്ചിലിരിക്കുന്നുണ്ട്

Image 3
CricketIPL

ബസന്ത് നൈരൂണ്‍.ബി.എന്‍

സഞ്ജു സാംസണ്‍ കളിക്കളത്തില്‍ നിറംമങ്ങുമ്പോഴും, സ്ഥിരതയില്ലായ്മയുടെ പേരില്‍ പലപ്പോഴായി വിമര്‍ശക്കപ്പെടുമ്പോഴും ആ പാതി മലയാളിയുടെ മുഖം എപ്പോഴൊക്കെയോ മനസ്സിലേക്ക് ഓടിയെത്താറുണ്ട്,, അസ്ഥിരതയുടെ ആള്‍രൂപമായിരുന്നല്ലോ അയാളും. സഞ്ജുവിനെപ്പോലെ തന്നെ അയാളുടെ ഹിറ്റിംങ്ങ് എബിലിറ്റിയെയും ചങ്കൂറ്റത്തെയും ഒരുപാട് ഇഷ്ടപ്പെടുന്നത്‌കൊണ്ട് കൂടിയായിരിക്കാം അത്…

പണ്ട് ബ്രെറ്റ് ലീ അടക്കമുള്ള വേഗതയുടെ പര്യായങ്ങളായ ബൗളര്‍മാരെപ്പോലും നിര്‍ഭയം ക്രീസ് വിട്ടിറങ്ങി സ്ട്രെയ്റ്റ് സിക്‌സറിന് പറത്തിയിരുന്ന അന്നത്തെ യുവ ‘റോബിന്‍ ഉത്തപ്പയുടെ’ ഗട്ട്‌സിനെ ആരാധിക്കാത്ത എത്ര പേര്‍ കാണും??!.
ചെന്നൈയുടെ ആദ്യ മൂന്ന് മത്സരങ്ങളില്‍ റുതുരാജ് ഗെയ്ക്വാദ് ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയപ്പോള്‍, പകരം ഇയാള്‍ പരിഗണിക്കപ്പെടുമെന്ന് ആഗ്രഹിച്ച കുറച്ച് പേരെങ്കിലും എന്തായാലും ഉണ്ടാവാതിരിക്കില്ല…

2008 ലെ ആദ്യ സീസണില്‍ മുംബൈക്ക് വേണ്ടി തന്റെ ഐപിഎല്‍ കരിയര്‍ തുടങ്ങിയ ഉത്തപ്പ കാലക്രമേണ :-
@ ആര്‍.സി.ബി (2009-10),
@ പൂനെ വാരിയേഴ്‌സ് ഇന്ത്യ (2011-13),
@ കെ.കെ.ആര്‍(2014-19),
@ രാജസ്ഥാന്‍ റോയല്‍സ് (2020)
തുടങ്ങിയ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്…
ഇതില്‍ 2014 കാലഘട്ടം റോബിയെ സംബന്ധിച്ച് വളരെ മികച്ചത് തന്നെയാണ്…
2014ലെ സീസണില്‍ ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത രണ്ടാം തവണയും കിരീടം ചൂടിയപ്പോള്‍, അവിടെ 16 മത്സരങ്ങളില്‍ നിന്നായി 660 റണ്‍സ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് വിന്നറായതടക്കം, കൊല്‍ക്കത്ത ടീമിന്റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയതും ഇതേ സാക്ഷാല്‍ റോബി തന്നെയായിരുന്നു…

2014 ന് ശേഷം 2018 വരെ ഓരോ സീസണിലും 350 + റണ്‍സ് നേടാനും 130 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താനും അയാള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ ഉയര്‍ന്ന S.R 2017 ലെ സീസണിലെ 167.10 ആണ്.

2019 സീസണില്‍ സ്‌ട്രൈക്ക് റേറ്റ് 115 ലേക്ക് താഴ്‌ന്നെങ്കിലും 30 ന് മുകളില്‍ ആവറേജ് അയാള്‍ സ്വന്തമാക്കി…

2020 ലെ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്റെ ജഴ്‌സിയണിഞ്ഞെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന വിധം ഒരു മികച്ച ഇന്നിംഗ്‌സ് സമ്മാനിക്കാതെ ഇയാള്‍ തീര്‍ത്തും നിറം മങ്ങുകയായിരുന്നു,, അതോടൊപ്പം രാജസ്ഥാന്‍ മാനേജ്‌മെന്റ് ഇയാളില്‍ വേണ്ടത്ര വിശ്വാസം പ്രകടിപ്പിക്കാഞ്ഞതും ഇയാളുടെ പ്രകടനത്തെ ബാധിച്ചുവെന്നു വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്…

‘സ്ഥിരതയില്ലായ്മ’ അതയാളുടെ പ്രകൃതമാണ്, തന്റെ ക്രിക്കറ്റ് കരിയറിലുടനീളം അയാളെ ബുദ്ധിമുട്ടിച്ചതും അതേ പ്രശ്നമാണ്. എന്നാല്‍ തന്റെതായ ദിവസം ബൗണ്ടറികളെ കീഴടക്കാന്‍ പായുന്ന കവര്‍ ഡ്രൈവുകളും, സ്‌ട്രെയ്റ്റ് ഷോട്ടുകളും, രോഹിത് ശര്‍മ്മയോട് കിടപിടിക്കുന്ന പുള്ളുകളും, ഗ്യാലറിയിലേക്ക് മൂളിപ്പറക്കുന്ന മോണ്‍സ്റ്റര്‍ സിക്‌സറുകളും, ഡിപ്പന്റ്‌സ് ഓണ്‍ മൂഡ് ‘ലാപ്പ് ഷോട്ടും’ അയാളുടെ ബാറ്റിംങ്ങ് ട്രേഡ്മാര്‍ക്കുകള്‍ തന്നെയാണ്…

ഇക്കഴിഞ്ഞ ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയിലാണ് കേരള ടീമിനെ പ്രതിനിധീകരിച്ച് അയാള്‍ അവസാനം പാഡണിയുന്നത്, കളിച്ച 6 മത്സരങ്ങളില്‍ 2 ശതകവും 2അര്‍ദ്ധശതകവും അയാള്‍ സ്വന്തമാക്കുന്നുണ്ട്,, ആ ടൂര്‍ണമെങ്കില്‍ കേരളം ക്വാര്‍ട്ടര്‍ വരെ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ പ്രധാന പങ്ക് ഓപ്പണിങ്ങിലെ റോബിന്‍ ഉത്തപ്പയുടെ മികച്ച തുടക്കങ്ങള്‍ തന്നെയാണ്…

ഇതില്‍ ഉത്തര്‍പ്രദേശിനെതിരെ 81(55) 8 ബൗണ്ടറികള്‍ 4 സിക്‌സറുകള്‍ SR -147.27.
ബിഹാറിനെതിരെ നേടിയ 87*(32) 4 ബൗണ്ടറികള്‍ 10 സിക്‌സറുകള്‍ SR-271.88.
– തുടങ്ങിയ സ്‌കോറുകള്‍ അയാളുടെ ബ്രൂട്ടല്‍ ഹിറ്റിംങ്ങിന് സാരമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്…

ഈ സീസണില്‍ രാജസ്ഥാനില്‍ നിന്നും കൂടുമാറി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമാകുമ്പോഴും, അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാവുന്ന ഈ സാഹചര്യത്തില്‍ ടേബിള്‍ ടോപ്പറായ ചെന്നൈയുടെ ടീം മാനേജ്‌മെന്റ് ഉത്തപ്പയുടെ കാര്യത്തില്‍ എത്രത്തോളം പരിഗണന നല്‍കുമെന്നോ, ധോണിയുടെ ഗുഡ് ബുക്കില്‍ നിലവില്‍ ഉത്തപ്പയുടെ സ്ഥാനമെന്താണെന്നോ വ്യക്തമല്ല.

അവസാന രണ്ട് മത്സരങ്ങളില്‍ ഫോം പ്രകടമാക്കിയ ഗെയ്ക്ക്വാദും കൂടെ ഫാഫും ചേരുന്ന മുന്‍നിരയും, മധ്യനിരയില്‍ റെയ്‌നയും റായിഡുവും സാമും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നതും, ഇവരേക്കാളുപരി ജഡേജ മാരകമായ ഫോമില്‍ കളം വാഴുന്നതും, റോബിന്റെ സാധ്യതകളെ ഇനി എത്ര കണ്ട് സജീവമാക്കും എന്നും അറിവില്ല.

എങ്കില്‍ കൂടി ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും അന്താരാഷ്ട്ര നിലവാരമുള്ള ഐപിഎല്ലിന്റെ പച്ചപ്പിലേക്ക് ചുവടുമാറുമ്പോഴും, വിജയ് ഹസാരെ ട്രോഫിയിലെ സ്വന്തം പ്രകടനങ്ങള്‍ അയാളുടെ പ്രതീക്ഷകളെയും ആത്മവിശ്വാസത്തെയും മികച്ച രീതിയില്‍ ഉയര്‍ത്തിയിട്ടുണ്ടാവുമെന്ന് ഉറപ്പ്,,,

അതെ. ആ മുപ്പത്തിയാറുകാരന്‍ ടച്ചില്‍ തന്നെയാണ്… ചെന്നൈ ടീമിന്റെ പകരക്കാരുടെ ബെഞ്ചില്‍ പൂര്‍ണ സജ്ജനായി അയാള്‍ ഇരിപ്പുണ്ട്, പരിഗണിക്കപ്പെടുമെന്ന വിശ്വാസത്തോടെ, ” തന്റെ ഊഴവും കാത്ത് ‘..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍