റെയ്‌നയുടെ കാര്യത്തില്‍ വന്‍ ട്വിസ്റ്റ്, വെളിപ്പെടുത്തലുമായി ചെന്നൈ

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ യുഎഇയിലെത്തിയ ശേഷം പിന്മാറിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സൂപ്പര്‍ താരം സുരേഷ് റെയ്‌നയുടെ നീക്കം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നല്ലോ. റെയ്‌ന അപ്രതീക്ഷിതമായി പിന്മാറിയതോടെ താരവും ചെന്നൈയും തമ്മിലുളള ബന്ധവും വഷളായിരുന്നു.

റെയ്‌നയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രസിഡന്റ് കൂടിയായ എന്‍ ശ്രീനിവാസന്‍ വരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പരോക്ഷമായി മറുപടിയുമായി റെയ്‌നയും എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇതിനിടെ തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് റെയ്‌നയുടെ പേര് എടുത്ത് മാറ്റി ചെന്നൈ നിലപാട് കടുപ്പിക്കുകയും ചെയ്തു.

ഇതോടെ ഇന്ത്യയില്‍ നടക്കുന്ന അടുത്ത ഐപിഎല്‍ സീസണില്‍ റെയ്‌ന ചെന്നൈയ്ക്കായി കളിക്കില്ലെന്ന് ഏറെ ഉറപ്പാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വക്താക്കളില്‍ ഒരാള്‍.

റെയ്‌നയെ പുറത്താക്കാനുളള ഒരു പദ്ധതിയും തങ്ങള്‍ക്കില്ലെന്നും റെയ്‌ന അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുമെന്നും വക്താവ് പറയുന്നു. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ഐപിഎല്‍ പുതിയ സീസണില്‍ ചെന്നൈ നിരയില്‍ റെയ്‌ന ഉണ്ടാകുമെന്ന് ഏറെകുറെ ഉറപ്പായികഴിഞ്ഞു. കഴിഞ്ഞ സീസണില്‍ റെയ്‌ന ഇല്ലാതെ കളത്തിലിറങ്ങിയ ചെന്നൈ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

You Might Also Like