ചെന്നൈയെ വെല്ലാന്‍ ആകില്ല മക്കളെ, തോറ്റമ്പിയിട്ട് പോലും മറ്റ് ടീമുകള്‍ക്ക് തൊടാനാകുന്നില്ല

യുഎഇയില്‍ നടന്ന 13ാം സീസണിലെ ഐപിഎല്ലില്‍ വെറും കൈയോടെ മടങ്ങേണ്ടി വന്നെങ്കിലും ട്വിറ്ററിലെ രാജാക്കന്‍മാര്‍ തങ്ങള്‍ തന്നെയാണെന്നു ചെന്നൈ സൂപ്പര്‍ കിങ്സ് തെളിയിച്ചു. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട ടീമായി മാറിയിരിക്കുകയാണ് സിഎസ്‌കെ. ഈ സീസണില്‍ പ്ലേഓഫ് പോലും കാണാതെ സിഎസ്‌കെ പുറത്തായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ധോണിക്കും സംഘത്തിനും ഇങ്ങനെയൊരു നാണക്കേട് പേറേണ്ടി വന്നത്.
സിഎസ്‌കെ കഴിഞ്ഞാല്‍ ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ടീം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരാണ്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മൂന്നാംസ്ഥാനത്താണെന്നതാണ് ആശ്ചര്യകരം. സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
സീസണില്‍ ഏറ്റുമധികം ട്വീറ്റ് ചെയ്യപ്പെട്ട മല്‍സരം മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ഫൈനലല്ല. മറിച്ച് മുംബൈയും ചൈന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള ഉദ്ഘാടന മല്‍സരമായിരുന്നു. മുംബൈ- സണ്‍റൈസേഴ്സ് ഹൈദരാബാദ് (ഒക്ടോബര്‍ 4), മുംബൈ- ഡല്‍ഹി (ഒക്ടോബര്‍ 18, ഡബിള്‍ സൂപ്പര്‍ ഓവര്‍ മല്‍സരം) എന്നിവരാണ് കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട മറ്റു കളികള്‍.
പ്രതീക്ഷയ്ക്കൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഐപിഎല്ലില്‍ കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട താരം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്.
അതേസമയം, ഏറ്റവുമധികം പേര്‍ റീട്വീറ്റ് ചെയ്ത ഗോള്‍ഡന്‍ ട്വീറ്റായി മാറിയത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ട്വീറ്റായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പൂരന്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്നെടുത്ത അവിശ്വസനീയ ക്യാച്ചിങ് പ്രകടനത്തെ പുകഴ്ത്തിയുള്ള സച്ചിന്റെ ട്വീറ്റാണ് വൈറലായി മാറിയത്. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച സേവായിരുന്നു ഇത്. അവിശ്വസനീയമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.