അടിമുടി അഴിച്ചുപണിയ്ക്ക് ചെന്നൈ, ധോണി അടക്കം പുറത്തേക്ക്

Image 3
CricketIPL

ipl സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ക്കൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റ്. അടുത്ത സീസണില്‍ ടീം ആകെ അഴിച്ചുപണിയാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പോലും ടീമില്‍ സ്ഥാനം ഉറപ്പില്ലെന്നാണ് റിപ്പോര്‍ട്ട്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗിനും ടീമില്‍ ഇടമുണ്ടാകില്ല.

കേദാര്‍ ജാദവ് ആണ് പുറത്താവാനിടയുള്ള ആദ്യ താരം. 35 കാരനായ താരം ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ആരാധകരും ജാദവിന്റെ പ്രകടനങ്ങളില്‍ തൃപ്തരല്ല. മുരളി വിജയും ബ്രാവോയും പുറത്താവാന്‍ ഇടയുണ്ട്. പ്രായവും ഫോമുമാണ് ഇരുവരുടെയും പ്രശ്‌നം. ഷെയിന്‍ വാട്‌സണും അടുത്ത സീസണില്‍ പുറത്തായേക്കും. ചില മത്സരങ്ങളില്‍ മികച്ച ചില പ്രകടനങ്ങള്‍ നടത്തിയെങ്കിലും സ്ഥിരതയില്ലാത്തത് വാട്‌സണു തിരിച്ചടിയാണ്.

പിയുഷ് ചൗളയും പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലാണ്. എംഎസ് ധോണിയില്ലാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സങ്കല്പിക്കാന്‍ കഴിയാത്തതാണെങ്കിലും അടുത്ത സീസണില്‍ അതും കാണേണ്ടി വന്നേക്കും. മോശം ഫോമും ഫിറ്റ്‌നസും ക്യാപ്റ്റന്‍ കൂളിനു തിരിച്ചടിയാവും. ഈ സീസണോടെ ഇവരുടെ ഐപിഎല്‍ കരിയറും അവസാനിച്ചേക്കും.

ഫാഫ് ഡുപ്ലെസി, ഇമ്രാന്‍ താഹിര്‍, അമ്പാട്ടി റായുഡു എന്നിവരും ചെന്നൈ നിരയില്‍ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. ഡുപ്ലെസിയും റായുഡുവും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് പോര എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. റായുഡു കഴിഞ്ഞ സീസണിലെ ഫോമിന്റെ നിഴല്‍ മാത്രമാണ്. താഹിറിന് സീസണില്‍ ഒരു അവസരം പോലും ലഭിച്ചിട്ടില്ല. 36 വയസ്സായ ഡുപ്ലെസിക്കും 41 വയസ്സായ ഇമ്രാന്‍ താഹിറിനും പ്രായം തന്നെയാണ് പ്രതികൂല ഘടകം.

മലയാളി താരം കെ എം ആസിഫും വരുന്ന സീസണില്‍ ഉണ്ടാവാനിടയില്ല. ചെന്നൈയുടെ ഫൈനല്‍ ഇലവനില്‍ ഇല്ലാത്ത താരമായതു കൊണ്ട് തന്നെ ടീം റീഷേപ്പ് ചെയ്യുമ്പോള്‍ ആസിഫിനെയും ഒഴിവാക്കിയേക്കും. കരണ്‍ ശര്‍മ്മയുടെയും സ്ഥാനം ഉറപ്പില്ല. സാം കരന്‍, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ തുടങ്ങിയ താരങ്ങള്‍ മാത്രമേ അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാവൂ.