സഞ്ജുവിനെ റാഞ്ചാന്‍ അണിയറയില്‍ നടന്നത് വലിയ പദ്ധതികള്‍, രാജസ്ഥാന്‍ പ്രതിരോധിച്ചതിങ്ങനെ

ഐപിഎല്‍ 14ാം സീസണ് മുന്‍പുള്ള താരലേലത്തിലൂടെ മലയാളി താരം സഞ്ജു വി സാംസണനെ സ്വന്തമാക്കാന്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും വിരാട് കോഹ്ലി നയിക്കുന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്.

എന്നാല്‍ സഞ്ജുവിനെ രാജസ്ഥാനില്‍ ഉറപ്പിച്ച് നിര്‍ത്തിനായി നായകനാക്കിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഈ തന്ത്രങ്ങളെ പൊളിച്ചത്.

മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് സഞ്ജു സാംസണെ സിഎസ്‌കെയും ആര്‍സിബിയും നോട്ടമിട്ടിരുന്നതായി വെളിപ്പെടുത്തിയത്. ഇതോടെയാണ് സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്താന്‍ മാത്രമല്ല, പ്രമോഷന്‍ നല്‍കാനും റോയല്‍സ് മാനേജ്‌മെന്റ് തീരുമാനിച്ചതെന്ന് ചോപ്ര പറഞ്ഞു.

സ്മിത്തിനെ ഒഴിവാക്കാനുള്ള റോയല്‍സിന്റെ തീരുമാനവും ആകാശ് ചോപ്ര ന്യായീകരിച്ചു. ‘വിദേശ ക്യാപ്റ്റന്‍’ എന്ന ആശയത്തോട് യോജിപ്പില്ല. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കുന്നത് നല്ലൊരു നീക്കമാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് 12.5 കോടി രൂപയുടെ മൂല്യമുണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും അദ്ദേഹത്തിനായി ഇത്രയധികം പണം ചെലവഴിച്ചാല്‍ അത് അത്ഭുതമാണ്.’ ആകാശ് ചോപ്ര പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ടീം അവസാന സ്ഥാനക്കാരായിരുന്നെങ്കിലും മുന്‍ ഓസ്‌ട്രേലിയന്‍ നായകനെ അത്ര പെട്ടെന്ന് രാജസ്ഥാന്‍ കൈവിടുമെന്ന് ആരും കരുതിയിരുന്നില്ല. സ്മിത്തിനെ പുറത്താക്കിയതിനു പിന്നാലെയാണ് സഞ്ജു സാംസണെ ടീമിന്റെ ക്യാപ്റ്റനായി മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.

You Might Also Like