ഗോൾഡൻ ബൂട്ട് പ്രതീക്ഷകൾ അസ്തമിക്കുന്നു, ഗോൾ നേടാനാവാതെ റൊണാൾഡോ
31 ഗോളുകളുമായി ഇറ്റാലിയന്‍ ലീഗില്‍ ഗോള്‍വേട്ടയില്‍ ഇമ്മൊബിലെക്ക് താഴെ രണ്ടാം സ്ഥാനത്താണ് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എന്നാല്‍ സീരി എ ചാമ്പ്യന്മാര്‍ പതിമൂന്നാം സ്ഥാനത്തുള്ള കാഗ്ലിയാരിയുമായി രണ്ടു ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വി രുചിച്ചതോടെ ക്രിസ്റ്റിയാനോയുടെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്.
എട്ടാം മിനുട്ടില്‍ തന്നെ കാഗ്ലിയാരിയുടെ യുവ സ്ട്രൈക്കര്‍ ലൂക്ക കാഗ്ലിയാനോ യുവന്റസ് വലകുലുക്കിയിരുന്നു. ഫെഡറികോ മാറ്റിയെല്ലോയുടെ പാസ്സ് ബോക്‌സില്‍ വെച്ച് അതിവേഗം വലയിലേക്ക് തിരിച്ചു വിട്ടതോടെ കാഗ്ലിയാരിക്കു വേണ്ടി കാഗ്ലിയാനോ നേടുന്ന ആദ്യ ഗോളായത് മാറി.
എന്നാല്‍ യുവന്റസിന്റെ കഷ്ടകാലം അവിടെ തീര്‍ന്നില്ല. രണ്ടാം പകുതിയുടെ അധിക സമയത്ത് കാഗ്ലിയാരിയുടെ രണ്ടാം ഗോളും ലക്ഷ്യം കണ്ടു. പരിശീലകന്‍ ഡീഗോ സിമിയോണിയുടെ മകനായ ജിയോവാനി സിമിയോണിയുടെ ബുള്ളറ്റ് ഷോട്ട് ബുഫൊണെ മറികടന്നു ഗോളില്‍ കലാശിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കാഗ്ലിയാരി യുവന്റസിന്റെ തിരിച്ചുവരവിനെ പ്രതിരോധിച്ചതോടെ വിജയം നേടുകയായിരുന്നു.
ലീഗില്‍ റോമയുമായി സ്വന്തം തട്ടകത്തില്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ ലാസിയോ സ്ട്രൈക്കര്‍ സിറോ ഇമ്മൊബിലെയുമായി നാലു ഗോളിണ് പിറകിലാണ് ക്രിസ്റ്റിയാനോ. ഇമ്മൊബിലെ ഗോള്‍ നേടിയ ബ്രെഷിയയുമായി നടന്ന മത്സരത്തില്‍ ലാസിയോ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതോടെ ഇമ്മൊബിലെ ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയെ മറികടന്നു 35 ഗോളിലെത്തി നില്‍ക്കുകയാണ്.
റോമയുമായി നാലു ഗോളുകള്‍ നേടുകയെന്നത് ദുഷ്‌കരമാവുന്നതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടിനുള്ള പ്രതീക്ഷ ഏറെക്കുറെ മങ്ങിയിരിക്കുകയാണ്. നാപോളിയുമായുള്ള അടുത്ത മത്സരത്തിലും ലാസിയോയുടെ പടക്കുതിരക്ക് ഗോള്‍ നേടാനായാല്‍ തന്റെ ആദ്യ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടില്‍ മുത്തമിടുമെന്നതില്‍ സംശയമില്ല.