റോണോയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി, ജയിച്ചിട്ടും യുവന്റസ് പുറത്ത്, ലിയോണ്‍ ക്വാര്‍ട്ടറില്‍
സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനവും യുവന്റസിനെ രക്ഷിക്കാനായില്ല. ലിയോണുമായി സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടർ രണ്ടാംപാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയെങ്കിലും മെംഫിസ് ഡീപെയുടെ എവേ ഗോളിന്റെ പിൻബലത്തിൽ ലിയോൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
രണ്ടു വിവാദപെനാൽറ്റി തീരുമാനങ്ങൾ കണ്ട മത്സരമായിരുന്നു യുവന്റസ് ലിയോൺ മത്സരം. യുവന്റസ് മധ്യനിരതാരം ബെന്റൻകുർ ലിയോൺ മുന്നേറ്റതാരം ഹൊസേം ഔവാറിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയിൽ 12-ാം മിനുട്ടിൽ തന്നെ മെംഫിസ് ഡീപേ ലിയോണിന് ലീഡ് നേടികൊടുക്കുകയായിരുന്നു. എന്നാൽ പിഴവുകളൊന്നുമില്ലാതെ ബെന്റൻകുർ ചെയ്ത ടാക്കിളിനു റഫറി ഫെലിക്സ് സ്‌വയെർ പെനാൽറ്റി വിധിച്ചത് വിവാദപരമായ തീരുമാനമായിരുന്നു. ഒരു പനേങ്കയിലൂടെ മെംഫിസ് ഡീപേ അത് വലയിലെത്തിക്കുകയും ചെയ്തു.
തുടർന്ന് ഉണർന്നു കളിച്ച യുവന്റസ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മുന്നേറ്റത്തിൽ ലഭിച്ച ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. എന്നാൽ ഈ ഫ്രീകിക്കാണ് അടുത്ത വിവാദപരമായ പെനാൽറ്റി വിധിയിലേക്ക് വഴിതെളിച്ചത്. മിറാലെം പ്യാനിച്ച് തൊടുത്തുവിട്ട ഫ്രീകിക്ക് മെംഫിസ് ഡീപേയുടെ കൈകളിൽ തട്ടിയെന്ന കാരണത്താലാണ് റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഹാൻഡ്‌ബോൾ ആയിരുന്നില്ല.
പെനാൽറ്റി തീരുമാനത്തിൽ റഫറി ഉറച്ചു നിന്നതോടെ റൊണാൾഡോയുടെ പെനാൽറ്റി ഗോളിലൂടെ യുവന്റസ് സമനില നേടി. ആദ്യപകുതിക്ക് ശേഷം പരുക്കൻ കളി തുടർന്ന ലിയോണിനു ഭീഷണിയായി അറുപതാം മിനുട്ടിൽ തകർപ്പൻ ഗോളിലൂടെ ക്രിസ്റ്റിയാനോ റൊണാൾഡോ ലീഡ് രണ്ടാക്കി ഉയർത്തി.
ഇടതു വിങ്ങിലൂടെ വെട്ടിയൊഴിഞ്ഞു തൊടുത്ത ഇടങ്കാലൻ ബുള്ളറ്റ് ഷോട്ട് ലിയോൺ ഗോൾകീപ്പറുടെ കൈകളിൽ തട്ടി വലയിൽ കേറുകയായിരുന്നു. റൊണാൾഡോയുടെ ഇരട്ട ഗോളിൽ യുവന്റസ് ജയിച്ചുവെങ്കിലും നിർണായകമായ എവേ ഗോൾ പിൻബലത്തിൽ ലിയോൺ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
https://www.youtube.com/watch?v=B0UbC4GoD_E