നൂറാം ഗോളിനായി ഇന്നു ക്രിസ്ത്യാനോ ഇറങ്ങുന്നു, നേഷൻസ് ലീഗിൽ ഇന്നു വമ്പന്മാർ കൊമ്പുകോർക്കുന്നു

യുവേഫ നേഷൻസ് ലീഗിൽ ഇന്നു നടക്കാനിരിക്കുന്ന പോരാട്ടങ്ങളിൽ കരുത്തരായ പോർച്ചുഗൽ സ്വീഡനെ നേരിടും. രാത്രി ഇന്ത്യൻ സമയം 12:15 നാണ് മത്സരം. സ്വീഡനിലെ ഫ്രണ്ട്സ് അരീനയിലായിരിക്കും മത്സരം അരങ്ങേറുക. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ തിരിച്ചുവരവാണ് ഇന്നത്തെ മത്സരത്തിലെ പ്രധാന ആകർഷണം. ക്രിസ്ത്യാനോയുടെ അന്താരാഷ്ട്രമത്സരത്തിലെ നൂറാം ഗോൾ ഇന്ന് പിറക്കുമോയെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ കാലിനു അണുബാധ മൂലം ക്രിസ്ത്യാനോക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിലും താരത്തിന് കളിക്കാൻ സാധിക്കില്ലെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്ന് താരം പോർച്ചുഗലിനായി കളിക്കളത്തിലിറങ്ങുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. താരത്തിന്റെ പോർച്ചുഗൽ ജേഴ്സിയിലുള്ള നൂറാം ഗോൾ ഇന്ന് പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പോർച്ചുഗലിനെ കൂടാതെ മറ്റുചില യൂറോപ്യൻ വമ്പൻമാരും നേഷൻസ് ലീഗിൽ കളിക്കാനിറങ്ങുന്നുണ്ട്. കറുത്തകുതിരകളായ ബെൽജിയം ഐസ്ലാന്റിനെ നേരിടും. സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡ്, ലുക്കാക്കു എന്നിവരും കളത്തിലിറങ്ങിയേക്കും. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർക്കുമായും കൊമ്പുകോർക്കും. ഹാരി കെയ്ൻ, സാഞ്ചോ, സ്റ്റെർലിംഗ് എന്നിവർ കളത്തിലിറങ്ങും.

കൂടാതെ മറ്റൊരു സൂപ്പർ പോരാട്ടം ഇന്ന് നടക്കുന്നുണ്ട്. കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലാണ് പുനരാവിഷ്കരിക്കപ്പെടുന്നത്. ഫ്രാൻസും ക്രോയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സൂപ്പർ താരം ഗ്രീസ്‌മാൻ കളത്തിലിറങ്ങുമ്പോൾ കോവിഡ് മൂലം എംബാപ്പെയെ ഫ്രാൻസ് സ്‌ക്വാഡിൽ നിന്നും ഒഴിവാക്കി. എന്നാൽ ക്രോയേഷ്യൻ നിരയിൽ മോഡ്രിച്, റാക്കിറ്റിച്ച് എന്നിവർ കളിച്ചേക്കില്ല. എല്ലാ മത്സരങ്ങളും രാത്രി 12:15 നാണ് ആരംഭിക്കുന്നത്.

You Might Also Like