100ാം ഗോളിന് ഇനിയും കാത്തിരിക്കണം, റോണോ പോര്‍ച്ചുഗലിനായി കളിക്കില്ല

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകർക്ക് നിരാശയുണർത്തുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. അന്താരാഷ്ട്രമത്സരങ്ങളിൽ നൂറാം ഗോളുകളെന്ന നാഴികക്കല്ലിനടുത്തെത്തി നിൽക്കുകയാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ. എന്നാൽ കാലിലെ അണുബാധമൂല യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന്റെ രണ്ട് മത്സരങ്ങൾ റൊണാൾഡോക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വലതു കാലിലെ ഇൻഫെക്ഷൻ മൂലം വ്യാഴാഴ്ച്ച താരം പരിശീലനത്തിന് എത്താനായില്ലെന്നു പോർച്ചുഗൽ എഫ്എ സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും എത്ര മത്സരങ്ങൾ നഷ്ടമാവുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മറിച്ച് താരത്തിന്റെ പരിക്കിന്റെ സ്ഥിതിഗതികൾ ദിവസേന പരിശോധിച്ചതിന് ശേഷം അറിയിച്ചേക്കും. എന്നാൽ സൂപ്പർ താരത്തിന് ആദ്യ മത്സരം നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്രോയേഷ്യ, സ്വീഡൻ എന്നിവരാണ് പോർച്ചുഗലിന്റെ യുവേഫ നേഷൻസ് ലീഗിലെ എതിരാളികൾ. സെപ്റ്റംബർ ആറാം തിയ്യതി ക്രോയേഷ്യക്കെതിരെയും ഒമ്പതാം തിയ്യതി സ്വീഡനുമെതിരെയാണ് പോർച്ചുഗലിനു മത്സരങ്ങൾ. കഴിഞ്ഞ നവംബറിൽ ലക്‌സംബർഗിനെതിരെ താരം തന്റെ 99-ാം ഗോൾ നേടിയിരുന്നു. താരത്തിന്റെ പരിക്കിനെ സംബന്ധിച്ചു വിവരങ്ങൾ യുവന്റസ് പോർച്ചുഗീസ് അധികൃതരോട് തിരക്കിയിട്ടുണ്ട്.

മുപ്പത്തിയഞ്ചുകാരനായ താരം സെപ്റ്റംബർ ഇരുപതിന് യുവന്റസിനൊപ്പം പുതിയ സീസണിനുള്ള ഒരുക്കത്തിലാണ്. താരം എത്രയും പെട്ടന്ന് തന്നെ കളത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആന്ദ്രെ പിർലോ. ഏതായാലും വരും ദിവസങ്ങളിൽ താരത്തിന്റെ പരിക്കിന്റെ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായേക്കും.

You Might Also Like