വൂൾവ്സിലെ സൂപ്പർതാരത്തെ ടീമിലെത്തിക്കണം, ആവശ്യം മുന്നോട്ടുവെച്ച് റൊണാള്‍ഡോ

Image 3
FeaturedFootball

ലിയോണിനോട് ചാമ്പ്യൻസ്‌ലീഗിൽ തോറ്റതോടെ യുവന്റസിന്റെ സീസണു വിരാമമായെങ്കിലും അടുത്ത സീസണിലേക്ക് മികച്ച താരങ്ങളെ ക്ലബിലെത്തിച്ച് ടീം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുവന്റസ്. റയൽ മാഡ്രിഡ്‌ താരം ഇസ്കോ, മുൻ യുവന്റസ് താരം പോഗ്ബ എന്നിവരെയൊക്കെ ക്ലബ് നോട്ടമിടുന്നതായി അഭ്യൂഹങ്ങളുണ്ട്.

എന്നാൽ മറ്റൊരു സൂപ്പർതാരത്തെ ക്ലബിലെത്തിക്കാൻ നിദേശിച്ചിരിക്കുകയാണ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. വോൾവ്‌സിന്റെ മെക്സിക്കൻ ഫോർവേഡ് റൗൾ ജിമിനെസിനെ ടീമിൽ എത്തിക്കണമെന്നാണ് റൊണാൾഡോയുടെ പക്ഷം. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ് വൂൾവ്സിന്റെ മെക്സിക്കൻ സൂപ്പർതാരം റൗൾ ജിമിനെസ്. വൂൾവ്സിനു വേണ്ടി ഈ സീസണിൽ എല്ലാ കോംപിറ്റീഷനുകളിലുമായി 27 ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് ഈ 29കാരൻ. താരത്തെ ടീമിലെത്തിച്ചാൽ ക്ലബ്ബിനു ഗുണകരമാവുമെന്ന കണക്കുകൂട്ടലിലാണ് ക്രിസ്ത്യാനോ.

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനെ നോട്ടമിട്ടിട്ടുണ്ട്. എന്നാൽ യുണൈറ്റഡ് ടീമിൽ എത്തിക്കും മുൻപ് താരത്തെ യുവന്റസിൽ എത്തിക്കണമെന്നാണ് ക്രിസ്ത്യാനോയുടെ പക്ഷം. അറുപത് മില്യൺ യൂറോയാണ് വൂൾവ്‌സ് താരത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. 2018-ൽ മുപ്പത് മില്യൺ യൂറോക്കാണ് താരം വോൾവ്‌സിലേക്കെത്തുന്നത് . ഏതായാലും യുണൈറ്റഡും യുവന്റസും ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിന് വേണ്ടി മത്സരിച്ചേക്കും.