പിഎസ്‌ജി സൂപ്പർതാരത്തെ ക്രിസ്ത്യാനോക്ക് വേണം, യുവന്റസിനോട് താരത്തെ നിർദേശിച്ച് ക്രിസ്ത്യാനോ

Image 3
FeaturedFootballSerie A

ജനുവരി ട്രാൻസ്ഫറിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സൂപ്പർതാരത്തെ യുവന്റസിന് നിർദേശിച്ചിരിക്കുകയാണ് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിൽ തന്റെ സഹതാരമായിരുന്ന അർജന്റൈൻ സൂപ്പർതാരം ഏയ്ഞ്ചൽ ഡി മരിയയെയാണ് ക്രിസ്ത്യാനോ യുവന്റസ് ജേഴ്‌സിയിൽ കാണാൻ ആഗ്രഹിക്കുന്നത്. നിലവിൽ പിഎസ്‌ജിക്കായി മികച്ച പ്രകടനമാണ് ഏയ്ഞ്ചൽ ഡി മരിയ നടത്തുന്നത്.

സ്പാനിഷ് മാധ്യമമായ ടോഡോഫിചായെസ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റയൽ മാഡ്രിഡിൽ ഏയ്ഞ്ചൽ ഡി മരിയയുമായി മികച്ച കൂട്ടുകെട്ടായിരുന്നു ക്രിസ്ത്യനോയുടേത്. പിഎസ്‌ജിയെ ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് ഡി മരിയ.

ഈ സീസൺ അവസാനത്തോടെ പിഎസ്‌ജിയിൽ കരാർ കാലാവധി തീരാനിരിക്കുന്ന അർജന്റൈൻ താരം യുവന്റസിന് മികച്ച ഒരു ഒപ്ഷൻ ആവുമെന്നാണ് ക്രിസ്ത്യാനോ മുന്നോട്ടു വെക്കുന്നത്. കരാർ തീരാനിരിക്കുന്ന താരങ്ങളെ സ്വന്തമാക്കാൻ എപ്പോഴും മുൻപന്തിയിലുള്ള ക്ലബ്ബാണ് യുവന്റസ് എന്നതും ഈ ട്രാൻസ്ഫറിന് സാധ്യത കൂട്ടുന്നുണ്ട്. പിഎസ്‌ജിയുമായി ഇതു വരെയും കരാർ പുതുക്കാത്തതും ഡി മരിയയുടെ ക്ലബ്ബിനു പുറത്തേക്കുള്ള വഴിയാണ് തുറക്കുന്നത്.

റയലിൽ നിന്നും യുണൈറ്റഡിലേക്ക് ചേക്കേറിയപ്പോഴും അർജന്റൈൻ സൂപ്പർതാരവുമായി ക്രിസ്ത്യാനോ സൗഹൃദം പുലർത്തിയിരുന്നു. എന്നാൽ ഇപ്പോൾ പിഎസ്‌ജിയിലും മികച്ച പ്രകടനം തുടരുന്നതോടെ താരത്തെ യുവന്റസിലേക്ക് ക്ഷണിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്ത്യാനോ താരത്തെ നിർദേശിച്ചിട്ടുണ്ടെങ്കിലും ആന്ദ്രേ പിർലോയുടെ പദ്ധതികളിൽ താരത്തിനിടമുണ്ടോയെന്നു കാത്തിരുന്നു കാണേണ്ടി വരും.