കോളയല്ല വെള്ളം കുടിക്കൂ, ആഗോള ഭീമനെ ഞെട്ടിച്ച് റൊണാള്‍ഡോ

സൂപ്പര്‍ താരമാണെങ്കിലും റൊണാള്‍ഡോ എല്ലായിപ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന സാദാരണക്കാരോടൊപ്പമാണ്. അവരുടെ വേദനയില്‍ പങ്കുചേരാന്‍ റൊണാള്‍ഡോ ആത്മാര്‍ത്ഥമായും ശ്രമിക്കാറുണ്ട്. ഇപ്പോഴതാ അക്കാര്യം ഊട്ടിയുറപ്പിക്കുന്ന മറ്റൊരു സംഭവം കൂടി കഴിഞ്ഞ ദിവസം ഉണ്ടായി.

യൂറോകപ്പിന് മുന്നോടിയായി നടന്നതിയ വാര്‍ത്താ സമ്മേളനത്തില്‍ കോള വിരുദ്ധ പരമാര്‍ശം നടത്തിയാണ് റൊണാള്‍ഡോ അമ്പരപ്പിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനെത്തിയ ക്രിസ്റ്റ്യാനോ, മുന്നില്‍ വെച്ചിരുന്ന കോള ഫ്രെയിമില്‍ നിന്ന് മാറ്റി വെച്ച് വെള്ളക്കുപ്പി ഉയര്‍ത്തി കാണിക്കുകയായിരുന്നു.

യൂറോ 2020 ലെ പോര്‍ച്ചുഗലിന്റെ കന്നി മത്സരത്തിന് മുന്നോടിയായി പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനൊപ്പം ടീമിന്റെ വാര്‍ത്താ സമ്മേളനത്തിന് എത്തിയതായിരുന്നു ക്രിസ്റ്റ്യാനോ. സംസാരം തുടങ്ങുന്നതിന് മുന്നായി തനിക്ക് മുമ്പില്‍ വെച്ചിരുന്ന കോള എടുത്ത് മാറ്റിയ താരം, കുടിവെള്ളം ഉയര്‍ത്തി കാട്ടി എല്ലാവരോടും വെള്ളം കുടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മുന്‍പും നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായിരുന്നു യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം. ജങ്ക് ഫുഡുകള്‍ക്കെതിരെ നേരത്തെയും ക്രിസ്റ്റ്യാനോ പരസ്യമായി തന്നെ നിലപാട് എടുത്തിരുന്നു. തന്റെ മകന്റെ ജങ്ക് ഫുഡ് ഭ്രമത്തെ കുറിച്ച് സംസാരിച്ച താരം, അക്കാര്യത്തില്‍ താന്‍ കര്‍ക്കശക്കാരനാണെന്ന് പറയുകയുണ്ടായി. അവന്‍ ചിലപ്പോള്‍ കോളയും ഫാന്റയും പായ്ക്കറ്റ് സ്‌നാക്കുകളും കഴിക്കാറുണ്ടെന്നും, തനിക്ക് അത് ഇഷ്ടമുള്ള കാര്യമല്ലെന്ന് അവന് അറിയാമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു.

ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെട്ട മരണ ഗ്രൂപ്പായ ഗ്രൂപ് എഫിലാണ് ക്രിസ്റ്റ്യാനോയും സംഘവും ഉള്ളത്. ഇന്ന് ഹംഗറിക്കെതിരായാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.

You Might Also Like