ഗോളാഘോഷത്തിനു ശേഷം സുജൂദ്, റൊണാൾഡോയുടെ പ്രവൃത്തിക്ക് അഭിനന്ദനപ്രവാഹം

സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം ഗംഭീര പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും അതാവർത്തിച്ചിരുന്നു. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോളടിച്ച് അൽ നസ്ർ വിജയം നേടിയ മത്സരത്തിൽ ടീമിന്റെ വിജയഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ബോക്‌സിന് പുറത്തു നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്.

ഗോളിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രവൃത്തിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഗോൾ നേടിയതിനു ശേഷം തന്റെ ട്രേഡ്‌മാർക്ക് സീയൂ സെലിബ്രെഷൻ നടത്തിയ താരം അതിനു ശേഷം സുജൂദ് നടത്തുകയുണ്ടായി. ഇസ്‌ലാം മതവിശ്വാസികൾക്ക് മുഴുവൻ സന്തോഷം നൽകുന്ന പ്രവൃത്തിയാണ് താരം ചെയ്‌തതെന്ന്‌ അതിനു ശേഷം വ്യക്തമായി.

ഗോളാഘോഷിക്കാൻ റൊണാൾഡോയുടെ അരികിലേക്ക് ഓടിയെത്തിയ സഹതാരങ്ങൾ മുഴുവൻ റൊണാൾഡോയുടെ പ്രവൃത്തിയെ കയ്യടികളോടെയാണ് അഭിനന്ദിച്ചത്. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആരാധകരും താരത്തിന് അഭിനന്ദനം ചൊരിഞ്ഞു. അതിനു ശേഷം സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് തന്റേതായ രീതിയിൽ പിന്തുണ നൽകുന്ന റൊണാൾഡോക്ക് വലിയ അഭിനന്ദനമാണ് വന്നുകൊണ്ടിരിക്കുന്നത്.

സൗദിയിൽ മിന്നുന്ന ഫോമിലാണ് റൊണാൾഡോ കളിക്കുന്നത്. ജനുവരിയിൽ എത്തിയ താരം പതിനാലു ഗോളുകൾ ഇതുവരെ നേടിക്കഴിഞ്ഞു. കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഇന്നലത്തെ വിജയത്തോടെ സൗദി ലീഗ് കിരീടം നേടാനുള്ള സാധ്യത അൽ നസ്ർ നിലനിർത്തിയിട്ടുണ്ട്. അൽ ഇത്തിഹാദ് ഒരു മത്സരം തോറ്റാലാണ് അൽ നസ്റിന് കിരീടപ്രതീക്ഷയുള്ളത്.

You Might Also Like