ചാമ്പ്യൻസ്‌ലീഗിൽ ഗോൾനേട്ടം, മറ്റൊരു നാഴികക്കല്ലിനടുത്തെത്തി ക്രിസ്ത്യാനോ റൊണാൾഡോ

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗിൽ ഉക്രെനിയൻ ക്ലബ്ബായ  ഡൈനമോ കീവിനെതിരായ മത്സരത്തിൽ  എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുവന്റസ് തകർപ്പൻ വിജയം സ്വന്തമാക്കിയത്.  മികച്ചൊരു ഹെഡറിലൂടെ ഫെഡറികോ കിയേസയും പിന്നീട് ക്രിസ്ത്യാനോയും മൊറാട്ടയുമാണ് യുവന്റസിന്റെ ഗോൾ വേട്ടക്കാർ. യുവന്റസിന്റെ രണ്ടാമത്തെ  ഗോൾ സ്വന്തം പേരിലാക്കിയതോടെ ക്രിസ്ത്യാനോ ഗോൾവേട്ടയിൽ മറ്റൊരു നാഴികകല്ലിനടുത്തെത്തിയിരിക്കുകയാണ്.

ഡൈനമോ കീവിനെതിരായ ഗോൾ നേട്ടത്തോടെ കരിയറിൽ 750 ഗോളുകൾ  ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ. ഒപ്പം യുവന്റസിനായി ഇതിനകം തന്നെ 75 ഗോളുകൾ സ്വന്തമാക്കാനും റൊണാൾഡോക്ക് സാധിച്ചു. പോർചുഗലിനായി അടുത്തിടെ 100 ഗോളുകളെന്ന നേട്ടത്തിനൊപ്പമെത്താനും റൊണാൾഡോക്ക് സാധിച്ചിരുന്നു. ബ്രസീലിയൻ ഇതിഹാസതാരം പെലെക്കൊപ്പമെത്താൻ ഇനി ഏഴു ഗോളുകൾ മാത്രം ക്രിസ്ത്യാനോക്ക് മതിയാവും.

ഇറാൻ താരമായ അലി ദേയിയുടെ റെക്കോർഡിനോപ്പമാണ് ക്രിസ്ത്യാനോ എത്തിയത്. അടുത്തിടെ ആണ്ടോറക്കെതിരെ നടന്ന മത്സരത്തിൽ ഗോൾ നേട്ടത്തോടെ ആകെ ഗോൾനേട്ടം 102 ആയി ഉയർത്താൻ ക്രിസ്ത്യാനോക്ക് സാധിച്ചിരുന്നു. യുണൈറ്റഡിനായി 108 ഗോളുകൾ സ്വന്തമായി പേരിലാക്കിയപ്പോൾ ഏറ്റവും കൂടുതൽ ഗോൾ നേടിയത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനു വേണ്ടിയായിരുന്നു.

438 മത്സരങ്ങളിൽ നിന്നായി 450 ഗോളുകളാണ് 2009ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ ക്രിസ്ത്യാനോ റൊണാൾഡോ അടിച്ചുകൂട്ടിയത്. ഇതിഹാസതാരം റൗളിനെക്കാൾ 127 ഗോളുകൾ കൂടുതൽ നേടിയ ക്രിസ്ത്യാനോ റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. റയൽ മാഡ്രിഡിനായി 741 മത്സരങ്ങൾ കളിച്ച താരമാണ് റൗൾ എന്നത് റൊണാൾഡോയുടെ ഗോളടിമികവിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുവന്റസിനായും 100 ഗോളുകളെന്ന നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.