ചരിത്ര നേട്ടവുമായി ക്രിസ്ത്യാനോ, ഇറ്റാലിയൻ ലീഗിൽ ഗോൾവേട്ട തുടങ്ങി

Image 3
FeaturedFootballSerie A

ഇറ്റാലിയൻ ലീഗിൽ സംപഡോറിയയുമായി നടന്ന യുവന്റസിന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി. മത്സരത്തിന്റെ എൺപത്തിയെട്ടാം മിനുട്ടിൽ ആരോൺ റാംസിയുടെ പാസിൽ നിന്നാണ് റൊണാൾഡോ ഗോൾ നേടിയത്. അതിന് മുമ്പ് നിരവധി അവസരങ്ങളിൽ ഗോളിന് തൊട്ടരികിലെത്തിയെങ്കിലും ഗോൾ നേടാനായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ആരോൺ റാംസിയുടെ പാസിൽ നിന്നും റൊണാൾഡോ ഗോൾ നേടിയത്.

ഇതോടെ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ക്രിസ്ത്യാനോ. ഇത് തുടർച്ചയായി പത്തൊൻപതാം സീസണിലും റൊണാൾഡോ ഗോൾ നേടിയിരിക്കുകയാണ്. 2020/21 സീസണിലെ ആദ്യഗോളാണ് റൊണാൾഡോ ആദ്യ മത്സരത്തിൽ തന്നെ സ്വന്തം പേരിലാക്കിയത്. 2002/03 സീസണിലാണ് റൊണാൾഡോ തന്റെ ഗോൾവേട്ടക്ക് തുടക്കം കുറിക്കുന്നത്. അതിനുശേഷം തുടർച്ചയായി പത്തൊൻപത് സീസണുകളിലും ക്രിസ്ത്യാനോക്ക് ഗോൾ നേടാൻ കഴിഞ്ഞിരിക്കുകയാണ്.

അതേ സമയം ഈ വർഷത്തെ ഗോൾവേട്ടയിലും ക്രിസ്ത്യാനോ മുന്നേറുകയാണ്.രാജ്യത്തിനും ക്ലബ്ബിനുമായി 27 മത്സരങ്ങളിൽ നിന്നായി 28 ഗോളുകളാണ് ആകെ ഈ വർഷം റൊണാൾഡോ നേടിയത്. കൂടാതെ ഈ വർഷം സീരി എയിൽ മാത്രം 22 ഗോളുകൾ നേടാനായിട്ടുണ്ട്. പുതിയ സീസണിലും കൂടുതൽ ഗോളുകൾ നേടാനാണ് ലക്ഷ്യമെന്ന് റൊണാൾഡോ അറിയിച്ചിരുന്നു.

ഇത്തവണത്തെ യുവേഫ നേഷൻസ് ലീഗിൽ സ്വീഡനെതിരെ ഇരട്ടഗോളുകളുമായി റൊണാൾഡോ പോർച്ചുഗൽ ജേഴ്സിയിൽ നൂറ് ഗോളുകൾ പൂർത്തിയാക്കിയിരുന്നു. 109 ഗോളുകൾ നേടിയ അലി ദേയിയെയാണ് റൊണാൾഡോക്ക് മുൻപിലുള്ളത്. ഒമ്പത് ഗോളുകൾ കൂടി റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്ന് പിറന്നാൽ ആ ചരിത്രനേട്ടവും റൊണാൾഡോക്ക് സ്വന്തമാക്കാനാവും.