സൂപ്പർതാരം ക്രിസ്ത്യാനോക്ക് കോവിഡ് സ്ഥിരീകരിച്ചു, പോർച്ചുഗൽ ടീം വിട്ട് താരം ഐസൊലേഷനിൽ

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്. നിലവിലെ നേഷൻസ് ലീഗ് മത്സരങ്ങൾക്കായി പോർച്ചുഗൽ ടീമിനൊപ്പമാണ് ക്രിസ്ത്യനോയുള്ളത്. കോവിഡ് സ്ഥിരീകരിച്ചതോടെ താരത്തെ ഐസൊലേഷനിൽ വിട്ടിരിക്കുകയാണ്.

വ്യാഴാഴ്ച സ്വീഡനെതിരെ നടക്കാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് റൊണാൾഡോക്ക് പോസിറ്റീവ് ആണെന്ന് സ്ഥിരീകരണമുണ്ടായത്. എന്നാൽ ഐസൊലേഷനിൽ ക്രിസ്ത്യാനോ ഇതുവരെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നു പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

പോർച്ചുഗൽ ടീമിലെ മറ്റു താരങ്ങളുടെ ടെസ്റ്റുകളുടെ ഫലവും പുറത്തു വന്നിട്ടുണ്ട്. ക്രിസ്ത്യനോയൊഴികെ മറ്റു താരങ്ങളെല്ലാം നെഗറ്റീവ് ആയതോടെ സ്വീഡനെതിരെയുള്ള മത്സരം നാഷണൽ ലീഗ് അധികൃതരുടെ അനുമതിക്ക് ശേഷം നടന്നേക്കും. എല്ലാ താരങ്ങളും ഇതോടെ പരിശീലകൻ ഫെർണാണ്ടോ സന്റോസിന്റെ കീഴിൽ പരിശീലനം തുടർന്നേക്കും.

ക്രിസ്ത്യാനോക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഫ്രാൻസ് ടീമംഗങ്ങളും കോവിഡ് ഭീതിയിലാണ്. കോവിഡ് ടെസ്റ്റുകൾക്ക് ഫ്രാൻസ് ടീമംഗങ്ങളും വിധേയരായേക്കും. ഫ്രാൻസുമായുള്ള മത്സരം സമനിലയിലായെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തന്നെയാണ് പോർച്ചുഗൽ തുടരുന്നത്. കോവിഡ് വിമുക്തനാവാൻ 10 ദിവസമെങ്കിലും താരത്തിന് ഐസൊലേഷനിൽ കഴിയേണ്ടി വരും.

You Might Also Like