ഉഡിനിസെക്കെതിരെ ഇരട്ടഗോൾ, ഗോൾവേട്ടയിൽ പെലെയെ മറികടന്നു ചരിത്ര നേട്ടവുമായി ക്രിസ്ത്യാനോ

Image 3
FeaturedFootballSerie A

സീരി എയിൽ ഉഡിനീസെയുമായി നടന്ന യുവന്റസിന്റെ 2021ലെ ആദ്യ മത്സരത്തിൽ  യുവന്റസ് തകർപ്പൻ വിജയം നേടിയിരിക്കുകയാണ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ആന്ദ്രേ പിർലോയുടെ ടീം തകർപ്പൻ വിജയം സ്വന്തമാക്കിയത്. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളും ഫെഡറികോ കിയേസയുടെയും ഡിബാലയുടെയും ഗോളുകളുമാണ് മികച്ച വിജയം യുവന്റസിനു സമ്മാനിച്ചത്.

ഇരട്ട ഗോൾ നേട്ടത്തോടെ ക്രിസ്ത്യാനോ റൊണാൾഡോ മറ്റൊരു അത്യുജ്വല നേട്ടം കൂടി സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്.  ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ പെലെയെ മറികടന്നു രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ. 758 ഔദ്യോഗിക ഗോളുകളാണ് ക്രിസ്ത്യാനോ തന്റെ കരിയറിൽ അടിച്ചു കൂട്ടിയത്.

1956 മുതൽ 1977 വരെയുള്ള പെലെയുടെ കരിയറിൽ സാന്റോസിനായും ന്യൂയോർക്ക് കോസ്മോസിനായും ബ്രസീലിനായും 757 ഔദ്യോഗിക ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. ഈ റെക്കോർഡാണ് ഉഡിനീസെക്കെതിരായ ഇരട്ട ഗോൾ നേട്ടത്തോടെ ക്രിസ്ത്യാനോ മറികടന്നത്. വെറും ഒരു ഗോളിന്റെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ഓസ്ട്രിയൻ ചെക്ക് റിപ്പബ്ലിക് താരമായ ജോസഫ് ബികാൻ ആണ്.

വരുന്ന ബുധനാഴ്ച നടക്കാനിരിക്കുന്ന എസി മിലാനുമായുള്ള വമ്പൻ പോരാട്ടത്തിൽ ജോസഫ് ബികാനെയും ക്രിസ്ത്യനോക്ക് മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള യുവന്റസിനു അപരാജിതരായി മുന്നേറുന്ന എസി മിലനെതിരെയുള്ള വിജയം അനിവാര്യമായിരിക്കും.