മെസി ഒരിക്കലും എന്റെ എതിരാളിയായിരുന്നില്ല, മത്സരശേഷം ക്രിസ്ത്യാനോ റൊണാൾഡോ പറയുന്നു

ബാഴ്സലോണയുമായി ക്യാമ്പ് നൂവിൽ വെച്ചു നടന്ന ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യാൻ ക്രിസ്ത്യനോയുടെ യുവന്റസിനു വിജയം അനിവാര്യമായിരുന്നു. മിനിമം എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് യുവന്റസിനു ആവശ്യമായി വന്നിരുന്നത്. ക്രിസ്ത്യാനോയുടെ രണ്ടു പെനാൽറ്റികളും യുവതാരം മക്കെന്നിയുടെ ഗോളും യുവന്റസിനു മികച്ച വിജയം സമ്മാനിക്കുകയും ബാഴ്‌സയെ പിന്തള്ളി ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യുകയായിരുന്നു.

എന്നാൽ ബാഴ്സയെപ്പോലുള്ള ഒരു ടീമിനെതിരെ ഇതൊരു അസാധ്യദൗത്യമായിരുന്നുവെന്നാണ് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രതികരണം. വിജയം തങ്ങൾക്ക് മുന്നോട്ട് പോവാൻ കൂടുതൽ ഊർജം നൽകിയെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. സൂപ്പർതാരം ലയണൽ മെസിയുമായുള്ള മത്സരത്വരയെക്കുറിച്ചും റൊണാൾഡോ അഭിപ്രായം പങ്കു വെച്ചു. മത്സരശേഷം സ്പാനിഷ് മാധ്യമമായ മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു ക്രിസ്ത്യാനോ.

” ഇത് ഏറെക്കുറെ അസാധ്യമായ ഒരു ദൗത്യമായിരുന്നു. ശക്തമായ തുടക്കം തന്നെയായിരുന്നു പ്രധാനലക്ഷ്യം. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആദ്യ ഇരുപതു മിനുട്ടിനുള്ളിൽ തന്നെ രണ്ടു ഗോളിന്റെ ലീഡ് നേടാനായി. ആ ഒരു സന്ദർഭത്തിൽ തന്നെ ഞങ്ങൾക്ക് അത് നേടാനാവുമെന്നു ഉറപ്പിച്ചിരുന്നു. ഈ വിജയം ഞങ്ങളുടെ ആത്മവിശ്വാസത്തെ ഉയർത്തിയിട്ടുണ്ട്. വലിയ ടീമുകൾക്കെതിരെ ഇത്തരത്തിലൊരു വിജയം ഞങ്ങൾക്ക് അനിവാര്യമായിരുന്നു. ” ക്രിസ്ത്യാനോ പറഞ്ഞു

മത്സരത്തിൽ വളരെക്കാലത്തിനു ശേഷം കണ്ടുമുട്ടിയ ലയണൽ മെസ്സിയെക്കുറിച്ചും റൊണാൾഡോ സംസാരിച്ചു: ” അവാർഡ് ദാനചടങ്ങുകളിൽ ഞാൻ 12-13 വർഷമായി ഞങ്ങളുണ്ട്. ഞാനൊരിക്കലും അദ്ദേഹത്തെ ഒരു എതിരാളിയായി കണക്കാക്കിയിട്ടില്ല. അതെല്ലാം മാധ്യമങ്ങൾ പടച്ചുവിടുന്ന കാര്യങ്ങളാണ്. ഞങ്ങൾ എല്ലായ്പോഴും മികച്ച രീതിയിലാണ് ഒത്തുചേർന്നു പോകുന്നത്. നിങ്ങൾ ലിയോയോട് ഇക്കാര്യം ചോദിച്ചാലും ഇതേ മറുപടിയായിരിക്കും തരുക. “

You Might Also Like