ചാമ്പ്യൻസ്‌ലീഗിൽ മെസിക്കെതിരെ ഗോൾ വട്ടപ്പൂജ്യം, മത്സരത്തിനായി തയ്യാറെടുത്ത് ക്രിസ്ത്യാനോ റൊണാൾഡോ

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന ബഹുമതി പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിലാണ്. 132 ഗോളുകളാണ് ഈ മുപ്പത്തിയഞ്ചുകാരൻ ചാമ്പ്യൻസ്‌ലീഗിൽ അടിച്ചുകൂട്ടിയിട്ടുള്ളത്. എന്നാൽ സൂപ്പർതാരം ലയണൽ മെസിക്കെതിരെ ചാമ്പ്യൻസ്‌ലീഗിൽ ഒരു ഗോൾ പോലും നേടാൻ തന്റെ കരിയറിൽ ക്രിസ്ത്യാനോക്ക് ഇതുവരെയും സാധിച്ചിട്ടില്ലെന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

എന്നാൽ ബാർസലോണക്കായി അഞ്ചു മത്സരങ്ങളിൽ നിന്നായി മൂന്നു ഗോളുകൾ സ്വന്തമാക്കാൻ ലയണൽ മെസിക്ക് സാധിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിൽ നിന്നും 2018ൽ യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷം ആദ്യമായാണ് ലയണൽ മെസിക്കെതിരെ റൊണാൾഡോ ചാമ്പ്യൻസ്‌ലീഗിൽ ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ യുവന്റസിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ താരത്തിനു കളിക്കാൻ സാധിച്ചില്ല.

എന്നാൽ ഡിസംബർ 10നു പുലർച്ചെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പൂർണ ആരോഗ്യവനായ ക്രിസ്ത്യാനോ ഇറങ്ങിയേക്കും. ഇത്തവണ ലയണൽ മെസിയുടെ ബാഴ്സലോണക്കെതിരെ ചാമ്പ്യൻസ്‌ലീഗിൽ ഗോൾ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ക്രിസ്ത്യാനോ റൊണാൾഡോ. ടോറിനോക്കെതിരെ ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോളടിച്ചു തിരിച്ചുവരവ് നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് യുവന്റസ് ബാഴ്‌സയെ നേരിടാനൊരുങ്ങുന്നത്.

എന്നാൽ കാഡിസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമേറ്റുവാങ്ങിയ കൂമാന്റെ ബാഴ്സലോണക്ക് യുവന്റസിനെതിരെ വിജയം അനിവാര്യമായിരിക്കുകയാണ്. ലയണൽ മെസിയും ക്രിസ്ത്യാനോയും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളിൽ ലയണൽ മെസിക്ക് 15 വിജയവും 21 ഗോളുകളും നേടാൻ കഴിഞ്ഞപ്പോൾ റൊണാൾഡോക്ക് 9 വിജയങ്ങളും 18 ഗോളുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. യുവന്റസിനൊപ്പം മെസിക്കെതിരായ ഗോൾ നേട്ടം ഇനിയും കൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് റൊണാൾഡോ.