റോണോയ്ക്ക് യൂറോപ്യന്‍ ഗോള്‍ഡണ്‍ ബൂട്ട് നഷ്ടമായി, ടീമില്‍ നിന്നും പുറത്ത്‌

Image 3
Football

റോമയുമായി നടക്കാനിരിക്കുന്ന സീരി എ മത്സരത്തിലേക്കുള്ള സ്‌ക്വാഡിൽ നിന്നും ക്രിസ്റ്റിയാനോ റൊണാൾഡോയെ ഒഴിവാക്കിയാണ് മൗറിസിയോ സാറിയുടെ യുവന്റസ് ഇന്ന് കളത്തിലിറങ്ങുക. ഇതോടെ യൂറോപ്യൻ ഗോൾഡൻ ബൂട്ടിനുള്ള റൊണാൾഡോയുടെ പോരാട്ടത്തിന് വിരാമമായിരിക്കുകയാണ്. നിലവിൽ യുവന്റസിനു വേണ്ടി 31 ഗോളുകൾ നേടാൻ താരത്തിനായിട്ടുണ്ട്.

ലാസിയോയുടെ സിറൊ ഇമ്മൊബിലെയാണ് 35 ഗോളുകളുകളുമായി സീരി എയിലും ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിലും മുൻപിൽ നിൽക്കുന്നത്. റോമയുമായി നടക്കുന്ന പോരാട്ടത്തിൽ 5 ഗോളുകൾ നേടിയാലേ റൊണാൾഡോക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനാവുകയുള്ളു.

വെറും 36 മത്സരങ്ങളിൽ നിന്നാണ് ഇമ്മൊബിലെ ലാസിയോക്ക് വേണ്ടി 35 ഗോളുകൾ അടിച്ചു കൂട്ടിയത്. ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയേക്കാൾ ഒരു ഗോൾ മുന്നിലാണ് ഇമ്മൊബിലെയുള്ളത്. റൊണാൾഡോ അഥവാ ഒപ്പമെത്തിയാലും ലാസിയോക്ക് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ടെന്നതും ഇമ്മൊബിലേക്ക് ഗോൾഡൻ ബൂട്ട് മത്സരത്തിൽ മുൻ‌തൂക്കം നൽകുന്നുണ്ട്.

താരത്തിനു ചാമ്പ്യൻസ് ലീഗിനു വേണ്ടി വിശ്രമം അനുവദിച്ചതോടെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് ഏറെക്കുറെ ഇമ്മൊബിലേക്ക് സ്വന്തമായിരിക്കുകയാണ്. ലിയോണുമായുള്ള രണ്ടാം പാദ മത്സരം ഓഗസ്റ്റ് 8നാണ് നടക്കാനിരിക്കുന്നത്. ആദ്യപാദത്തിൽ ലിയോണിനെതിരെ ഒരു ഗോളിനു യുവന്റസ് തോൽവി രുചിച്ചിരുന്നു. താരത്തിനു വിശ്രമം നൽകുന്നതോടെ ലിയോണിനെതിരെ മികച്ചരീതിയിൽ തിരിച്ചു വരനാവുമെന്നാണ് സാറി പ്രതീക്ഷിക്കുന്നത്.